തലശേരി: സിപിഎം പ്രവർത്തകൻ പി.ധനേഷിനെ (26) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 2 ആര്‍എസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം കഠിനതടവും പിഴയും. കേസിലെ പ്രതികളായ എം പി പ്രജില്‍ (32), എം വിജിത്ത് (32) എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കണ്ണൂർ അഡീഷണൽ ജില്ലസെഷൻ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ ഒന്നാംപ്രതി അഴീക്കോട് ആറാങ്കോട്ടം മുടത്തില്‍പാറയില്‍ എ പി സ്വരൂപ് (30) ഇപ്പോഴും ഒളിവിലാണ്.

ഡിവൈഎഫ്ഐ മീന്‍കുന്ന്‌ യൂനിറ്റ് പ്രസിഡന്റും മീന്‍കുന്ന് ഗോപാലന്‍ സ്മാരക മന്ദിരത്തിലെ യുവജനആട്സ് ആന്റ് സ്പോട്സ് ക്ളബ് പ്രവര്‍ത്തകനുമായിരുന്നു കൊല്ലപ്പെട്ട ധനേഷ്. ബൈക്കില്‍ സുഹൃത്തിനൊപ്പം വീട്ടിലേക്ക്വരുമ്പോള്‍ 2008 ജനുവരി 12ന് രാത്രി പത്തേകാലിന് മീന്‍കുന്ന് ബീച്ചിലേക്ക് പോവുന്ന വഴിയിലെ മുച്ചിറിയന്‍കാവിനടുത്തുവെച്ച് പതിയിരുന്നാക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

അതേസമയം കേസിലെ 2 മുതൽ ഒമ്പത് വരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. ശരത്ത്ബാബു (37), അഴീക്കോട് പി പി ബിജോയ് (29), ഇ ബൈജു (28), വി എം ഷാഹിര്‍ (30), കെ പി കലേഷ് (32), അഴീക്കോട് മാണ്ടാങ്കന്‍ ഹൌസില്‍ എം വിനീഷ് (33) എന്നിവരെയാണ് കോടതി വെറുതെവിട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ