തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സിപിഐഎം എം.എൽ.എ കെ.യു അരുണന് എതിരെ നടപടിക്ക് ശുപാർശ. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റാണ് അരുണന് എതിരെ അച്ചടക്ക നടപടി​ എടുക്കാൻ നിർദ്ദേശം നൽകിയത്. ഉചിതമായ നടപടി​ എടുക്കാനാണ് പാർട്ടിയുടെ തൃശ്ളൂർ ജില്ലാ കമ്മറ്റിക്ക് സെക്രട്ടറിയേറ്റ് നിർദ്ദേശം നൽകിയത്. കഴിഞ്ഞ ആഴ്ചയാണ് സംഘപരിവാർ നടത്തിയ പരിപാടിയിൽ ഉദ്ഘാടകനായി ഇരിങ്ങാലക്കുട എം.എൽ.എ കെ.യു അരുണന് പങ്കെടുത്തത്. എന്നാൽ തെറ്റിദ്ധാരണ മൂലമാണ് താൻ പരിപാടിയിൽ പങ്കെടുത്തത് എന്നായിരുന്നു എം.എൽ.എയുടെ വിശദീകരണം.

ആര്‍എസ്എസ് ഊരകം ശാക സംഘടിപ്പിച്ച പരിപാടിയിലാണ് അരുണന്‍ പങ്കെടുത്തത്. അരുണന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് വിഷയം വിവാദമായത്. ആര്‍എഎസ്എസ് ശാഖ നടത്തിയ നോട്ടുപുസ്തക വിതരണത്തിന്റെ ഉദ്ഘാടനത്തിനാണ് എംഎല്‍എ പോയത്.

ഇരിങ്ങാലക്കുട ഏരിയകമ്മറ്റി അംഗമാണ് കെ.യു​ അരുണൻ. സ്ഥലത്തെ സിപിഐഎം ബ്രാഞ്ച്‌ സെക്രട്ടറി കിഷോര്‍ പറഞ്ഞിട്ടാണു പങ്കെടുത്തതെന്നും എം.എല്‍.എ. വിശദീകരിച്ചിരുന്നു. ക്ഷേത്രം സംഘടിപ്പിക്കുന്ന ചടങ്ങെന്ന നിലയിലാണു പങ്കെടുത്തത്‌. ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകര്‍ ആരും ക്ഷണിച്ചിട്ടില്ല എന്നും അരുണൻ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ്‌ നേതാവും വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗവുമായ തോമസ്‌ തത്തംപള്ളിയില്‍ ഇതേ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ