തിരുവനന്തപുരം: സമരമുഖങ്ങളില്‍ പക്ഷമില്ലാതെ ജനങ്ങള്‍ക്കൊപ്പം നിന്ന സിപിഎം നേതാവ് വി എസ് അച്യുതാനന്ദന് ഇന്ന് 99-ാം പിറന്നാള്‍. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തോളമായി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് വിഎസ്. പോയ വര്‍ഷങ്ങളിലെ പോലെ തന്നെ ഇത്തവണയും വിപുലമായ ആഘോഷങ്ങളില്ലാതെയാകും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രിയ നേതാവിന്റെ ജന്മദിനം.
രാഷ്ട്രീയ മുഖത്ത് ഇല്ലെങ്കിലും ജനഹൃദയങ്ങളില്‍ വിഎസിന്റെ സ്ഥാനം എന്നും നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് വിഎസ് ഉണ്ടായിരുന്നെങ്കില്‍ എന്ന ജനങ്ങളുടെ വാക്കുകള്‍. നിലവിൽ തിരുവനന്തപുരത്ത് മകൻ വി എ അരുൺ കുമാറിന്റെ ബാർട്ടൺഹിലിലെ വസതിയിൽ വിശ്രമ ജീവിതം നയിക്കുകയാണ് വിഎസ്. പൊതുജനങ്ങള്‍ക്ക് വീട്ടിലേക്ക് ഇന്ന് പ്രവേശനമുണ്ടാകില്ലെന്നാണ് ലഭിക്കുന്ന വിവരം.
1923 ഒക്ടോബർ 20-നാണ് ആലപ്പുഴ പുന്നപ്രയിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായാണ് വിഎസിന്റെ ജനനം. 1940 മുതല്‍ സജീവമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ വിഎസ് എട്ട് പതിറ്റാണ്ട് കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ പകരക്കാരനില്ലാതെ നിലനിന്നു. പതിനേഴാം വയസിലായിരുന്നു പാര്‍ട്ടിയില്‍ ഔദ്യോഗികമായി അംഗമായത്.
1940 മുതൽ പാർട്ടി പ്രവർത്തനം. ഏഴാംക്ലാസിൽ പഠനം നിർത്തേണ്ടിവന്ന ബാല്യം. എന്നും പോരാളി. ജീവിക്കാനായി ആസ്പിൻവാൾ കമ്പനിയിൽ പട്ടാളടെന്റ് തുന്നുമ്പോഴും പാവപ്പെട്ട തൊഴിലാളികളുടെ ഇഴയടുക്കാത്ത ജീവിതങ്ങളായിരുന്നു ആ മനസ്സിൽ. അങ്ങനെ, 17-ാംവയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. മൂന്ന് തവണ പ്രതിപക്ഷ നേതാവായും സിപിഎം സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഒരു തവണ മുഖ്യമന്ത്രി പദത്തിലുമെത്തി.