കൊച്ചി: സംസ്ഥാനത്ത് പൊലീസിന്റെ പ്രവർത്തനം ജനങ്ങളുടെ രൂക്ഷമായ വിമർശനത്തിന് കാരണമായ സാഹചര്യത്തിൽ ആഭ്യന്തര വകുപ്പിന് ഉപദേഷ്ടാവിനെ നിയമിക്കാൻ സർക്കാർ തീരുമാനം. സി.പി.എമ്മാണ് ഉപദേഷ്ടാവിനെ നിയമിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടത്. നേരത്തേ സംസ്ഥാന സമിതിയിൽ സർക്കാരിന്റെ പ്രവർത്തനത്തിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനം നേതാക്കൾ ഉയർത്തിയിരുന്നു.

മുൻ ഡിജിപി മാരാണ് പരിഗണനയിലുള്ളതെന്ന് റിപ്പോർട്ടുകളുണ്ട്. ക്രമസമാധാന പാലനം, കുറ്റാന്വേഷണം തുടങ്ങി എല്ലാ മേഖലകളിലും പൊലീസിന് വീഴ്ച പറ്റിയ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി.

വാളയാറിൽ സഹോദരിമാർ മരിച്ച സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുണ്ടായ വീഴ്ച,  കുണ്ടറയിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ അന്വേഷണം വൈകിയ സാഹചര്യം, കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് തുടങ്ങിയവ സർക്കാരിന് തന്നെ നാണക്കേട് ഉണ്ടാക്കിയതായി നേരത്തേ വിമർശനം ഉയർന്നിരുന്നു.

ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനം ആശാസ്യമല്ലെന്ന് കണ്ടാണ് ഉപദേഷ്ടാവിനെ നിയമിക്കണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി ശക്തമായി വാദിച്ചത്. ഫലത്തിൽ മുഖ്യമന്ത്രിയ്ക്ക് പൊലീസിനെ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെന്ന് തെളിയിക്കുന്ന തരത്തിലാണ് ഈ നടപടി.

നിരന്തരം പൊലീസ് വീഴ്ചകൾ ഉണ്ടായ സാഹചര്യത്തിൽ നിയമസഭയിൽ ഇക്കാര്യങ്ങൾ തുറന്നുസമ്മതിക്കേണ്ടി വന്നത് സർക്കാരിന് നാണക്കേടായാണ് പാർട്ടി നേതാക്കൾ കാണുന്നത്. അതേസമയം ടി.പി.സെൻകുമാറിന്റെ വിഷയത്തിൽ സുപ്രീം കോടതി ഉത്തരവ് ഏത് വിധത്തിലായിരിക്കുമെന്ന് ആഭ്യന്തര വകുപ്പും സിപിഎമ്മും ഒരുപോലെ ഉറ്റുനോക്കുന്നുണ്ട്.

വിജിലൻസ് ഡയറക്ടറുടെ സ്ഥാനമാറ്റം, ഡിജിപി എന്ന നിലയിൽ ലോക്‌നാഥ് ബെഹ്റയുടെ പ്രവർത്തനം എന്നിവയിൽ ഉപദേഷ്ടാവിന്റെ വാക്കുകൾക്ക് ഇനി പ്രസക്തിയുണ്ടാകും. മുൻ ഡിജിപി രമൺ ശ്രീവാസ്തവയ്ക്കാണ് ഉപദേഷ്ടാവ് സ്ഥാനത്തേക്ക് കൂടുതൽ സാധ്യത കൽപ്പിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ