കൊച്ചി: മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തിനായി പണികഴിപ്പിക്കുന്ന വീടിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തറക്കല്ലിട്ടു. ഇന്ന് രാവിലെ അഭിമന്യുവിന്റെ വീട്ടിലെത്തിയ കോടിയേരി ബാലകൃഷ്ണനും സംഘവും കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

വീടിന്റെ തറക്കല്ലിടൽ ചടങ്ങിന് മുൻപ് വിതുമ്പിക്കരഞ്ഞ അഭിമന്യുവിന്റെ അച്ഛൻ മനോഹരനെ കോടിയേരി ബാലകൃഷ്ണൻ ആശ്വസിപ്പിക്കുന്നു

മൂന്ന് മാസത്തിനകം വീട് നിർമ്മാണം പൂർത്തീകരിക്കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. സിപിഎം ഇടുക്കി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിർമ്മാണം. 20 ലക്ഷം രൂപയാണ് വീട് നിർമ്മാണത്തിനായി ചിലവ് പ്രതീക്ഷിക്കുന്നത്. 1000 ചതുരശ്ര അടി വിസ്തൃതിയിലാണ് വീട് നിർമ്മിക്കുക.

വീട് നിർമ്മാണത്തിനായി അഭിമന്യുവിന്റെ സ്വദേശമായ കൊട്ടക്കാമ്പൂരിൽ ഇവർ താമസിക്കുന്ന വീടിനോട് ചേർന്ന് പത്ത് സെന്റ് സ്ഥലം സിപിഎം വാങ്ങിയിരുന്നു. 8.5 ലക്ഷം രൂപ ചിലവഴിച്ചാണ് കുടുംബത്തിനായി വീട് വാങ്ങിയത്.

വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി,സിപിഎം കേന്ദ്ര കമ്മറ്റി അംഗം എം വി ഗോവിന്ദന്‍, സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് വീട് നിർമ്മാണത്തിന് തുടക്കം കുറിച്ചത്.

അഭിമന്യുവിന്റെ കുടുംബത്തിന് പണികഴിപ്പിക്കുന്ന വീടിന്റെ തറക്കല്ലിടുന്നു

ഈ മാസം ഒന്നാം തീയ്യതി(ഞായറാഴ്ച) അർദ്ധരാത്രിയോടെയാണ് മഹാരാജാസ് കോളേജിന്റെ കിഴക്കേ ഗേറ്റിന് പുറത്ത് വച്ച് അഭിമന്യുവിന് കുത്തേറ്റത്. എസ്‌ഡിപിഐ-ക്യാംപസ് ഫ്രണ്ട് സംഘം നടത്തിയ ആസൂത്രിത ആക്രമണത്തിലായിരുന്നു ഇത്. സംഭവസ്ഥലത്ത് തന്നെ അഭിമന്യു മരിച്ചുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ