തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം ശരിയായ ദിശയിലല്ലെന്ന കുറ്റപ്പെടുത്തലുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ നേതാക്കൾ. ഇതോടെ പാർട്ടിയും സർക്കാരും രണ്ട് തട്ടിലാണെന്ന സംശയം ബലപ്പെട്ടു. നേരത്തേ മലപ്പുറം ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. മുസ്ലിം ലീഗിന് വൻഭൂരിപക്ഷമുള്ള സീറ്റിലെ മത്സരം ഇടത് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് കോടിയേരി പറഞ്ഞിരുന്നു.

ഈ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഒളിയന്പായി വിലയിരുത്തപ്പെട്ടിരുന്നു. സിപിഎമ്മിനകത്ത് രണ്ട് പുതിയ ചേരികൾ രൂപപ്പെടുന്നതായ പരാമർശം ഉണ്ടായി. എന്നാൽ ഇക്കാര്യം വൻതോതിൽ ചർച്ച ചെയ്യപ്പെടാതെ ഒതുങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി നേതാക്കൾ സംസ്ഥാന സമിതി യോഗത്തിൽ സംസാരിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി ലക്ഷ്യമിട്ടാണ് ഓരോ വിമർശനവും ഉയർന്നത്. ആഭ്യന്തര-വിജിലൻസ് വകുപ്പുകളുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളാണ് നേതാക്കൾ യോഗത്തിൽ ചൂണ്ടിക്കാട്ടിയത്. ഈ രണ്ട് വകുപ്പുകളും കൈകാര്യം ചെയ്യുന്നത് പിണറായി വിജയനാണ്. ഈ വിവാദങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുന്നുവെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.

ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ ഉണ്ടാകുന്ന ചേരിപ്പോരും, പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന നിരന്തര വീഴ്ചയുമാണ് പ്രധാനമായും അംഗങ്ങളുന്നയിച്ച പരാതി. മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം വകുപ്പ് കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യണമെന്ന ധ്വനി പല നേതാക്കളുടെയും വിമർശനത്തിൽ ഉണ്ടായി. സർക്കാരിന് ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ സാധിക്കുന്നില്ലെന്നും വിമർശനം ഉണ്ടായി. ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചായിരുന്നു വിമർശനങ്ങളെങ്കിലും അവയെല്ലാം പരോക്ഷമായി മുഖ്യമന്ത്രി പിണറായി വിജയന് എതിരായി. മറ്റ് മന്ത്രിമാരുടെ പ്രവർത്തനത്തിൽ യോഗം തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

ഇന്നലെ നടന്ന യോഗത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച രേഖകൾ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മുന്നോട്ട് വച്ചു. ഇത് ചർച്ചയ്ക്ക് വച്ചപ്പോഴാണ് വിമർശനങ്ങൾ ഉയർന്നത്. പത്ത് മാസം സർക്കാരിനെ സംബന്ധിച്ച് വിലയിരുത്തലിനുള്ള വളരെ ചെറിയ കാലമാണെന്നാണ് കോടിയേറി ബാലകൃഷ്ണൻ വിമർശനങ്ങൾക്കുള്ള മറുപടിയായി പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച നാല് ജനപ്രിയ പദ്ധതികൾ വേണ്ടവിധം ജനങ്ങളിലേക്കെത്തിയില്ലെന്ന് അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ