തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വി പരിശോധിച്ച് സിപിഎം സംസ്ഥാന സമിതി. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും സ്വീകരിച്ച നിലപാടില്‍ തെറ്റില്ലെന്നും എന്നാല്‍ ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ച സംഭവിച്ചെന്നും സിപിഎം സംസ്ഥാന സമിതി വിലയിരുത്തു. ശബരിമല പ്രധാന വിഷയമായി. കോണ്‍ഗ്രസും ബിജെപിയും ശബരിമലയെ പ്രചാരണ ആയുധമാക്കി. എന്നാല്‍, സിപിഎം നിലപാട് ജനങ്ങളെ പൂര്‍ണമായി ബോധ്യപ്പെടുത്താന്‍ സാധിക്കാത്തത് തിരിച്ചടിയായി എന്നും സംസ്ഥാന സമിതിയില്‍ വിമര്‍ശനമുണ്ടായി. ജനങ്ങളുടെ മനസ് അറിയുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച സംഭവിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ കൃത്യമായി സാധിച്ചില്ല. തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്തി മുന്നോട്ടുപോകണമെന്നും സംസ്ഥാന സമിതി വിലയിരുത്തി.
Read Also: അത് ‘വേ’ ഇത് ‘റെ’; ബിനോയ് വിഷയത്തില്‍ കോടിയേരിക്കെതിരെ തിരിഞ്ഞാല്‍ പ്രതിരോധിക്കുമെന്ന് സിപിഎം
കേന്ദ്ര നേതൃത്വത്തിനെതിരെയും സംസ്ഥാന സമിതിയില്‍ വിമര്‍ശനമുണ്ടായി. കേന്ദ്ര നേതൃത്വത്തിന് ഒരു ഏകീകൃത നയം ഉണ്ടായിരുന്നില്ല. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ നിലപാട് സ്വീകരിച്ചു. പലയിടത്തും സഖ്യമായി മത്സരിച്ചതില്‍ വ്യക്തതയുണ്ടായിരുന്നില്ല. ഇത് ജനങ്ങള്‍ക്കിടയില്‍ ആങ്കയുണ്ടാക്കി. വോട്ടര്‍മാര്‍ക്കിടയില്‍ വിശ്വാസ്യത നഷ്ടപ്പെടാന്‍ ഇത് കാരണമായെന്നും സിപിഎം സംസ്ഥാന സമിതി വിലയിരുത്തി.
Read Also: വിശ്വാസി വോട്ട് തിരികെ പിടിക്കണം; കേരള ഘടകത്തോട് സിപിഎം കേന്ദ്രകമ്മിറ്റിയുടെ നിര്‍ദ്ദേശം
അതേസമയം, നിലവില്‍ സിപിഎമ്മിനെ ഏറ്റവും കൂടുതല്‍ പ്രതിരോധത്തിലാക്കിയ ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയും ആന്തൂര്‍ വിഷയവും ഇന്നത്തെ സംസ്ഥാന സമിതിയില്‍ ചര്‍ച്ചയായില്ല. അടുത്ത ദിവസം ചേരുന്ന സംസ്ഥാന സമിതിയിലായിരിക്കും ഇക്കാര്യങ്ങള്‍ ചര്‍ച്ചയ്‌ക്കെടുക്കുക.
ശബരിമല വിഷയത്തില്‍ നഷ്ടമായ വിശ്വാസി വോട്ട് തിരികെ പിടിക്കാന്‍ സിപിഎം കേന്ദ്രക്കമ്മിറ്റി സംസ്ഥാന ഘടകത്തിന് നേരത്തെ നിര്‍ദ്ദേശം നൽകിയിരുന്നു. ഇതിന് ആവശ്യമായ നടപടികള്‍ കേരള ഘടകത്തിന് തീരുമാനിക്കാമെന്നും കേന്ദ്രകമ്മിറ്റി. തിരഞ്ഞെടുപ്പിലെ തിരിച്ചടി മറി കടക്കാന്‍ 11 ഇന കര്‍മ്മ പരിപാടിക്ക് കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംഘടനാ പ്ലീന തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ വീഴ്ച പറ്റിയെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തല്‍. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനും ജനകീയ അടിത്തറ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ വേണ്ടിയായിരുന്നു പ്ലീനം വിളിച്ചുചേര്‍ത്തത്. എന്നാല്‍ പ്ലീന തീരുമാനം സംസ്ഥാന ഘടകങ്ങള്‍ നടപ്പിലാക്കിയില്ലെന്നാണ് കേന്ദ്രകമ്മറ്റിയുടെ വിലയിരുത്തല്‍. ഇതില്‍ കേന്ദ്രനേതൃത്വം വിശദീകരണം തേടി.
കേരളത്തില്‍ തോല്‍വിയുടെ പ്രധാനകാരണം പാരമ്പര്യ വോട്ടുകളും വിശ്വാസികളുടെ വോട്ടുകളും നഷ്ടപ്പെട്ടതാണെന്നാണ് കേരളഘടകം ചൂണ്ടിക്കാണിക്കുന്നത്. ഇതോടൊപ്പം ന്യൂനപക്ഷ വോട്ടുകളും നഷ്ടപ്പെട്ടു. അതിനാല്‍ നഷ്ടപ്പെട്ട വിശ്വാസി വോട്ടുകള്‍ തിരികെ പിടിക്കുക, വിശ്വാസികളെ സാഹചര്യം ബോധ്യപ്പെടുത്തുക, അതുവഴി അവരെ കൂടെ നിര്‍ത്തുക തുടങ്ങിയവയാണ് കര്‍മ്മ പദ്ധതിയില്‍ പറയുന്നത്.