തിരുവനന്തപുരം: വീഴ്ചകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തല്‍. പാര്‍ട്ടി ആശയപരമായും സംഘടനാപരമായും ശക്തിപ്പെടുത്തണമെന്നും വീഴ്ചകളെ വിലയിരുത്തി മുന്നോട്ടുപോകണമെന്നും സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തിയതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More: ‘പ്രിയങ്കരം ഈ നിമിഷം’; രമ്യ ഹരിദാസിനെ ചേര്‍ത്ത് നിര്‍ത്തി പ്രിയങ്ക ഗാന്ധി

മുന്‍ കാലങ്ങളില്‍ ഉണ്ടായ സംഭവങ്ങള്‍ തിരിച്ചടിയായി. അക്രമ രാഷ്ട്രീയത്തിന് എതിരാണ് പാര്‍ട്ടിയെന്ന് തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനത്തില്‍ തന്നെ തീരുമാനമെടുത്തിരുന്നു. എന്നാല്‍, അത് കൃത്യമായി എല്ലാ അണികളിലേക്കും എത്തിക്കുന്നതില്‍ വീഴ്ച സംഭവിച്ചതായി സിപിഎം സംസ്ഥാന സമിതിയില്‍ വിലയിരുത്തല്‍ ഉണ്ടായി. പരാജയത്തിന്റെ ആഴം മനസിലാക്കി ക്ഷമാപൂര്‍വ്വം പ്രവര്‍ത്തിക്കണം. സിപിഎമ്മിനെതിരെ വോട്ട് ചെയ്തവരോട് യാതൊരു അസഹിഷ്ണുതയും കാണിക്കാതെ അവരെ വീണ്ടും സമീപിക്കണമെന്നും സിപിഎമ്മിന് വോട്ട് ചെയ്തവരോട് നന്ദി പറയുന്നു എന്നും കോടിയേരി പറഞ്ഞു.

Read More: ‘ഈ നിലപാടാണ് ശരി’; ശബരിമല വിഷയത്തില്‍ സിപിഎം സംസ്ഥാന സമിതി

സിപിഎമ്മിന് എതിരായി വോട്ട് ചെയ്തവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ടായിരിക്കാം. അവരെയെല്ലാം ക്ഷമാപൂര്‍വ്വം സമീപിച്ച് കാര്യങ്ങള്‍ മനസിലാക്കിക്കണം. ഇന്ന് എതിരായി വോട്ട് ചെയ്തവരെ പാര്‍ട്ടിയുടെ ഭാഗമാക്കാന്‍ സാധിക്കണമെന്നും സിപിഎം സംസ്ഥാന സമിതിയില്‍ വിലയിരുത്തലുണ്ടായി. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാട് ശരിയായിരുന്നു. ഇപ്പോഴും സുപ്രീം കോടതി വിധി എതിര്‍ക്കാന്‍ സര്‍ക്കാരിന് സാധിക്കില്ല. എന്നാല്‍, ശബരിമലയെ വര്‍ഗീയ പ്രചാരണത്തിനുള്ള വിഷയമാക്കാന്‍ പലരും ശ്രമിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read More: ‘ഷര്‍ട്ട് മാറുന്നതുപോലെ ശൈലി മാറ്റാനാകില്ല’; പിണറായിയെ പിന്തുണച്ച് കാനം

ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഴം പാര്‍ട്ടി മനസിലാക്കുന്നുണ്ട്. പരാജയത്തിന് ഓരോ സ്ഥലത്തും ഓരോ കാരണങ്ങളാണ്. ശബരിമലയെ സര്‍ക്കാര്‍ വിരുദ്ധ സമരമാക്കാന്‍ ആര്‍എസ്എസും ബിജെപിയും ആദ്യം മുതലേ ശ്രമിച്ചു. കോണ്‍ഗ്രസ് എടുത്ത നിലപാടും ശരിയല്ലായിരുന്നു. ശബരിമല കേന്ദ്രീകരിച്ചുള്ള ബിജെപി – കോണ്‍ഗ്രസ് പ്രചാരണത്തെ താഴെ തട്ടില്‍ നിന്ന് ചെറുത്ത് നില്‍ക്കാന്‍ സിപിഎമ്മിന് സാധിച്ചില്ല. ജനുവരി ഒന്നിന് ശേഷം നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാത്തതിലും വീഴ്ച സംഭവിച്ചു. വര്‍ഗീയ പ്രചരണം യുഡിഎഫിന് നേട്ടമായി. മാധ്യമ സര്‍വേകളും യുഡിഎഫിന് അനുകൂല സാഹചര്യമുണ്ടാക്കി. സംഭവിച്ച വീഴ്ചകളെല്ലാം തിരുത്തി മുന്നോട്ട് പോകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.