തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി എംവി ജയരാജൻ ചുമതലയേൽക്കും. നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും ലോട്ടറി തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറിയുമാണ് ഇദ്ദേഹം.

എംവി ജയരാജന്റെ രംഗപ്രവേശം രാഷ്ട്രീയ രംഗത്ത് ഏറെ ചർച്ചയായിട്ടുണ്ട്. നിലവിൽ സെക്രട്ടേറിയേറ്റിൽ ഫയലുകൾ കെട്ടിക്കിടക്കുന്ന സ്ഥിതിക്ക് പരിഹാരം കാണുന്നതിന് കൂടിയാണ് എംവി ജയരാജനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നതെന്നാണ് വിവരം.

കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനവും ഇതേ തുടർന്നുണ്ടായ ഉദ്യോഗസ്ഥ സമരവും ഏറെ ചർച്ചയായിരുന്നു. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന പരാതിയിൽ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരിൽ ഒരു ഭാഗവും സർക്കാരിന് എതിരായി. ഈ ഘട്ടത്തിൽ സർക്കാർ നടപടികളിലുണ്ടായ മെല്ലെപ്പോക്ക് വൻ വിവാദമായിരുന്നു.

നിലവിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ആയിരക്കണക്കിന് ഫയലുകൾ കെട്ടിക്കിടക്കുന്നതായി പ്രതിപക്ഷത്തിന്റെ ആരോപണമുണ്ട്. എന്നാൽ ഇക്കാര്യം നിഷേധിച്ച മുഖ്യമന്ത്രി 200 ഫയലുകൾ മാത്രമാണ് കെട്ടിക്കിടക്കുന്നതെന്ന് വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും ഭരണരംഗത്തെ മറ്റ് വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്നതിനും എംവി ജയരാജനെ സിപിഎം ചുമതലപ്പെടുത്തിയെന്നാണ് വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.