തിരുവനന്തപുരം: പിണറായി വിജയന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് സിപിഎം സംസ്ഥാന സമിതി. എന്നാല്‍, മറ്റ് മന്ത്രിമാരുടെ പ്രകടനത്തില്‍ സമിതിക്കുള്ളില്‍ തന്നെ വിമര്‍ശനമുയര്‍ന്നു. മറ്റ് സിപിഎം മന്ത്രിമാരുടെ പ്രകടനം പ്രതീക്ഷ അത്ര ഉയര്‍ന്നിട്ടില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍.

സിപിഎം മന്ത്രിമാര്‍ക്ക് സംസ്ഥാന സമിതിയില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. പ്രവര്‍ത്തകര്‍ക്ക് പലപ്പോഴും സിപിഎം മന്ത്രിമാരെ കാണാന്‍ കിട്ടുന്നില്ല. ചില പ്രവര്‍ത്തകരെ കണ്ടാല്‍ ചില മന്ത്രിമാര്‍ ഒഴിഞ്ഞു പോകുകയാണ് ചെയ്യുന്നത്. ഇത് ജനങ്ങളില്‍ നിന്ന് അകലാന്‍ കാരണമാകുന്നു. ജില്ലാ കമ്മിറ്റി ശുപാര്‍ശകള്‍ പലപ്പോഴായി തഴയപ്പെടുന്നു. മന്ത്രിമാര്‍ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കണമെന്ന് സമിതിയില്‍ തീരുമാനമുണ്ടായി.

മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാല്‍, മാധ്യമവാര്‍ത്തകള്‍ മുഖ്യമന്ത്രിയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നു. മുഖ്യമന്ത്രിയായ ശേഷവും മാധ്യമങ്ങള്‍ പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ്. പൊലീസിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് തിരിച്ചടിയാകുന്നതായും സിപിഎം സംസ്ഥാന സമിതി വിലയിരുത്തി.

Read Also: മോദിയെ എപ്പോഴും കുറ്റം പറയരുത്; ഭരണം അത്ര മോശമല്ല: ജയറാം രമേശ്

പിരിവുകൾ പലപ്പോഴും പ്രവര്‍ത്തകര്‍ക്ക് ബാധ്യതയാകുകയാണ്.  പിരിവ് കുറയ്ക്കണം.  ക്വാട്ട നിശ്ചയിച്ചുള്ള പിരിവ് പ്രവർത്തകരെ ബുദ്ധിമുട്ടിക്കുന്നുവെന്നും സംസ്ഥാന സമിതിയിൽ വിമർശനമുണ്ടായി. ജനങ്ങളുമായി നേതാക്കൾ കൂടുതൽ അടുക്കണമെന്ന ആവശ്യമാണ് സംസ്ഥാന സമിതി മുന്നോട്ട് വച്ചത്.

ഇന്നലെ ആരംഭിച്ച സിപിഎം സംസ്ഥാന സമിതി നാളെയാണ് അവസാനിക്കുക. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ തെറ്റ് തിരുത്തൽ കരട് രേഖയിൽ നാളെയും ചർച്ച തുടരും. നാളെ രേഖക്ക് അന്തിമ രൂപം നൽകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.