തിരുവനന്തപുരം: രണ്ട് ദിവസം നീണ്ട് നിൽക്കുന്ന സിപിഎമ്മിന്‍റെ സംസ്ഥാന സമിതി യോഗം ഇന്ന് ആരംഭിക്കും. തോമസ് ചാണ്ടി വിഷയം യോഗത്തിൽ ചർച്ചക്ക് വന്നേക്കും. നാളെയാണ് തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനത്തിന്റെ ഭാവി നിർണയിക്കുന്ന ഇടത് മുന്നണി യോഗം.

കോടതി വിമർശനവും ത്വരിതാന്വേഷണവും അടക്കം തോമസ് ചാണ്ടിക്ക് മേല്‍ കുരുക്കുകൾ മുറുകിയ പശ്ചാത്തലത്തിലാണ് സിപിഎമ്മിന്റെ നേതൃയോഗം. തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി നിർത്തണമെന്ന സിപിഐ നിലപാടും പുറത്തുവന്നിരുന്നു. രണ്ട് ദിവസത്തെ സംസ്ഥാന കമ്മിറ്റിയില്‍ തോമസ് ചാണ്ടി തന്നെയാകും പ്രധാന അജണ്ട. തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളും അതിന്മേൽ സർക്കാർ സ്വീകരിച്ച നടപടികളും കോടിയേരി കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും. മുന്നണി യാത്രക്കിടെ ചാണ്ടി നടത്തിയ വെല്ലുവിളി വിമര്‍ശനവിധേയമാവും. കലക്ടറുടെ റിപ്പോർട്ടിന്മേൽ എജി നൽകിയ നിയമോപദേശം എതിരാണെങ്കിൽ സ്വീകരിക്കേണ്ട കാര്യങ്ങളും ചർച്ചക്ക് വരും.

തോമസ് ചാണ്ടിക്ക് നിര്‍ണായകമായ നിയമോപദേശം എജി മുഖ്യമന്ത്രിയുടെ ഓഫീസിന് ഇന്നലെ കൈമാറിയിരുന്നു. ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ചാണ് എജി സി.പി.സുധാകര പ്രസാദ് നിയമോപദേശം നല്‍കിയത്. തോമസ് ചാണ്ടിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നിയമോപദേശമെങ്കില്‍ മന്ത്രിസ്ഥാനത്തിന്റെ കാര്യം പരുങ്ങലിലാവും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.