ന്യൂഡൽഹി: സിപിഎമ്മുകാരുടെ കണ്ണുചൂ‍ഴ്ന്നെടുക്കുമെന്ന ബിജെപി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെയുടെ പ്രഖ്യാപനത്തിനെതിരെ കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. ബിജെപിക്ക് കേന്ദ്രത്തില്‍ അധികാരമുണ്ടെങ്കിലും കേരളത്തിലെ സിപിഎം പ്രവര്‍ത്തകരുടെ രോമത്തില്‍ പോറലേല്‍പ്പിക്കാനാകില്ലെന്ന് കോടിയേരി പറഞ്ഞു. കലാപത്തിനുള്ള ആഹ്വാനം നടത്തിയ സരോജ് പാണ്ഡെയ്ക്കെതിരെ കേസെടുക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി പറഞ്ഞു.

ജനരക്ഷയാത്ര പരാജയപ്പെട്ടതിന്റെ ജാള്യത മറയ്ക്കാനാണ് ബിജെപി കലാപത്തിന് കോപ്പ് കൂട്ടുന്നത്. കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാനും കലാപം ഉണ്ടാക്കാനുമാണ് ബിജെപി നേതാക്കൾ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു. കേരളത്തിലെ സിപിഎം പ്രവർത്തകരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കുമെന്നാണ് ബിജെപി നേതാവ് സരോജ് പാണ്ഡെ പ്രതികരിച്ചത്. ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറിയും മുൻ ലോക്‌സഭാ എംപിയുമാണ് സരോജ് പാണ്ഡെ. സിപിഎം ആക്രമണങ്ങളെ തുറന്ന് കാട്ടാനാണ് ജനരക്ഷ യാത്ര നടത്തുന്നതെന്നും വൈകാതെ സിപിഎം പ്രവർത്തകരുടെ വീടുകളിൽ കയറി അവരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കണമെന്നും സരോജ് പാണ്ഡെ പറഞ്ഞു.

കേരളത്തിലെ ഇടത് സർക്കാർ ജനാധിപത്യ രീതിയിൽ പ്രവർത്തിക്കണമെന്നും ഇല്ലെങ്കിൽ സർക്കാരിനെ പിരിച്ചുവിടുമെന്നും മുൻ ദേശീയ മഹിള മോർച്ച നേതാവ് ഭീഷണി മുഴക്കി. കേരളവും, ബംഗാളും ജനാധിപത്യ രീതിയിൽ പ്രവർത്തിക്കണമെന്നും അവർ മുന്നറിയിപ്പ് നൽകി.

കുംഹാരിയിൽ നടന്ന ഒരു പൊതു ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരോജ് പാണ്ഡെ. ജനാധിപത്യത്തെ കൊല്ലുന്ന കേരള സർക്കാരിനെ കേന്ദ്രഭരണം ഉപയോഗിച്ച് പുറത്താക്കുമെന്ന് അവർ തുറന്നടിച്ചു. അമിത് ഷാ ഉദ്ഘാടനം ചെയ്ത ഈ റാലി കേരളത്തിന്രെ ഭാവി മാറ്റിയെഴുതുമെന്നും സരോജ് പാണ്ഡെ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ