തിരുവനന്തപുരം: നിർണായക സിപിഎം സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത്. വിദേശയാത്രയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചുവന്നതിനാലാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരുന്നത്. അതോടൊപ്പം കോടിയേരി ബാലകൃഷ്‌ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി നിൽക്കുമോ എന്ന കാര്യത്തിലും ഇന്ന് തീരുമാനമാകും.

വിദഗ്‌ധ ചികിത്സയ്ക്കായി കോടിയേരി വിദേശത്തേക്ക് പോകുന്നതിനാൽ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറി നിൽക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. ഡിസംബർ 30 മുതൽ കോടിയേരി ചികിത്സയുടെ ഭാഗമായി അമേരിക്കയിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്. കോടിയേരിക്ക് പകരം താൽക്കാലിക ചുമതലയുള്ള സെക്രട്ടറിയെ നിയമിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാൽ, ഇത്തരം വാർത്തകളെ സിപിഎം തള്ളി കളയുന്നുണ്ട്.

Read Also: ഏറ്റവും ഇഷ്ടം പുരുഷന്‍മാര്‍ ഉപയോഗിക്കുന്ന പെര്‍ഫ്യൂം: ജാന്‍വി കപൂര്‍

കോടിയേരി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി നിൽക്കില്ലെന്നാണ് സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും പറയുന്നത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കോടിയേരിയുടെ അവധി വാർത്തയെ നിഷേധിച്ചിരുന്നു. എന്നാൽ , കോടിയേരി മാറിനിൽക്കേണ്ട സാഹചര്യം വന്നാൽ എം.വി.ഗോവിന്ദനായിരിക്കും പകരം സെക്രട്ടറി സ്ഥാനത്തെത്തുക.

മുഖ്യമന്ത്രിയടക്കം മന്ത്രിമാർ വിദേശസന്ദർശനം കഴിഞ്ഞെത്തിയ ശേഷം ആദ്യത്തെ സെക്രട്ടറിയേറ്റ് യോഗമാണിത്. പ്രതിപക്ഷം വലിയ വിമർശനമുന്നയിച്ച സാഹചര്യത്തിൽ വിദേശ സന്ദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയായേക്കും. മന്ത്രി കെ.ടി.ജലീലിനെതിരായ മാർക്ക് ദാന ആരോപണവും സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും.

സംസ്ഥാന മന്ത്രിസഭായോഗവും ഇന്ന് ചേരുന്നുണ്ട്. മുഖ്യമന്ത്രി വിദേശത്തായതിനാൽ കഴിഞ്ഞ രണ്ടാഴ്‌ച മന്ത്രിസഭാ യോഗം നടന്നിരുന്നില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook