ഒറ്റയടിക്ക് മൂന്ന് പ്രാവശ്യം തലാഖ് ചൊല്ലുന്നതിനോട് അശേഷം യോജിപ്പില്ല: കോടിയേരി ബാലകൃഷ്ണന്‍

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബില്ലിനെ എന്തുകൊണ്ട് സിപിഎം എതിർക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി

n e sudheer, cpim, iemalayalam

തിരുവനന്തപുരം: മുത്തലാഖ് വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാട് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുത്തലാഖ് വിഷയത്തില്‍ സിപിഎമ്മിന് വ്യക്തമായ നയമുണ്ടെന്ന് കോടിയേരി പറഞ്ഞു. മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്ന മുസ്‌ലിം സമുദായത്തിലെ അനാചാരത്തോട് അശേഷം യോജിപ്പില്ലെന്നും ഈ അനാചാരം എത്രയും വേഗം അവസാനിപ്പിക്കണമെന്നും കോടിയേരി പറഞ്ഞു.

മുത്തലാഖ്‌ അനാചാരം അവസാനിപ്പിക്കുന്നതിന്‌ ഭരണനടപടികൾക്കു പുറമെ, ആ സമുദായത്തിലെ നവോത്ഥാനവാദികൾ മാത്രമല്ല, എല്ലാ മനുഷ്യസ്‌നേഹികളും മുന്നോട്ടുവരണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. പണ്ട് മുതലേ മുത്തലാഖിനെതിരെയാണ് സിപിഎം നിലപാട് സ്വീകരിച്ചിട്ടുള്ളത്. അതേ നിലപാട് തന്നെയാണ് പാർട്ടിക്ക് ഇപ്പോഴും ഉള്ളതെന്നും കോടിയേരി പറഞ്ഞു.

Read Also: മുത്തലാഖ് ക്രിമിനൽ കുറ്റം; ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി

എന്നാൽ, മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബില്ലിനെ എന്തുകൊണ്ട് സിപിഎം എതിർക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.  ഇപ്പോഴത്തെ മുത്തലാഖ്‌ ബില്ലിന്‌ മറയായി കേന്ദ്രസർക്കാർ സ്വീകരിച്ചത്‌ സുപ്രീം കോടതി ഭരണഘടന ബഞ്ചിന്റെ വിധിയെയാണ്‌. മൂന്ന്‌ തലാഖ്‌ ചൊല്ലിയുള്ള പുരുഷന്റെ വിവാഹമോചന ഏർപ്പാട്‌ മുസ്‌ലിം സ്‌ത്രീകളെ അപരിഷ്‌കൃത വസ്‌തുവായി കാണുന്നതാണെന്നും അത്‌ നിയമവിരുദ്ധമാണെന്നുമുള്ള സുപ്രീം കോടതി വിധിയെ സിപിഎം സ്വാഗതം ചെയ്യുന്നു. ഈ വിധിയോടെ മുത്തലാഖ്‌ നിയമവിരുദ്ധമായി കഴിഞ്ഞിരുന്നു. എന്നാൽ, അതിനെ പിന്തുടർന്ന്‌ അസാധാരണ വ്യവസ്ഥയോടെ പാർലമെന്റ് നിയമം നിർമിക്കുമ്പോൾ അതിനുമുമ്പായി സംസ്ഥാനങ്ങളുടെ അഭിപ്രായം കേൾക്കുക, പൊതുജനങ്ങളിൽനിന്നുള്ള നിർദേശം പരിഗണിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യണമായിരുന്നു. അതിന്‌ മോദി സർക്കാർ തയ്യാറായില്ല. ഈ പശ്ചാത്തലത്തിലാണ്‌ സ്‌ത്രീസംരക്ഷണത്തിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ ഈ ബിൽ പാർലമെന്റിന്റെ സെലക്ട്‌ കമ്മിറ്റി പരിശോധിക്കണമെന്ന നിർദേശം ഇടതുപക്ഷം മുന്നോട്ടുവച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

നിയമവിരുദ്ധ വിവാഹമോചനം ഏത്‌ ഘട്ടത്തിലായാലും അതിന്‌ നിയമപരമായ പരിഹാരമുണ്ടാക്കുകയാണ്‌ വേണ്ടത്‌. അതിനൊപ്പം, ജനകീയ ഇടപെടലും അവബോധവും ആവശ്യമാണ്‌. വിവാഹബന്ധം വേർപെടുത്തുക എന്നത്‌ മുസ്‌ലിം പുരുഷനെ ജയിലിൽ അടയ്‌ക്കുന്ന ക്രിമിനൽ കുറ്റമായി ഇന്ത്യൻ ശിക്ഷാനിയമത്തിൽ രേഖപ്പെടുത്തുന്നതോടെ മുസ്‌ലിം സ്‌ത്രീയുടെ വിവാഹാവകാശം സംരക്ഷിക്കപ്പെടുമെന്ന്‌ ഉറപ്പാക്കാനാകില്ല. വിവാഹവും വിവാഹമോചനവും ഹിന്ദു ഉൾപ്പെടെയുള്ള മതങ്ങളുടെയും സമുദായങ്ങളുടെയും കാര്യത്തിൽ തീർത്തും വ്യക്തിനിഷ്‌ഠവും സിവിൽസ്വഭാവം ഉള്ളതുമാണ്‌. എന്നിട്ടും സിവിൽ സ്വഭാവമുള്ള ഒരു കാര്യത്തിൽ മുസ്‌ലിം സമുദായത്തിലെ ഒരാളെ ക്രിമിനൽ കുറ്റം ചുമത്തി ജയിലിലടയ്‌ക്കുന്നത്‌ ഭരണക്രമത്തിലെ ഇരട്ടത്താപ്പാണെന്ന് കോടിയേരി ഫെയ്സ്ബുക്കിൽ കുറിച്ചു.  മുസ്‌ലിം സ്‌ത്രീകളുടെ സംരക്ഷണമെന്ന പേരിൽ മോദിയും കൂട്ടരും ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്നും കോടിയേരി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cpim on triple talaq kodiyeri balakrishnan writes

Next Story
നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ 31 മുതൽ നിർത്തലാക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com