കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: സിപിഐ നിലപാടിന് എതിരെ ദേശാഭിമാനി

ഇന്ദിരാഭവനിൽ ഉള്ളതിനേക്കാൾ മുറവിളിയാണ് ചിലർ നടത്തിയത് എന്ന് വിമർശനം

തിരുവനന്തപുരം: കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻഡ് തിരഞ്ഞെടുപ്പിലെ സിപിഐ നിലപാടിന്​ എതിരെ സിപിഐഎം മുഖപത്രമായ ദേശാഭിമാനി. കോൺഗ്രസിന്റെ തോൽവിയിൽ അസ്വസ്ഥരാക്കിയത് എൽഡിഎഫിലെ സഹജീവികളെയാണെന്നും ഇന്ദിരാഭവനിൽ ഉള്ളതിനേക്കാൾ മുറവിളിയാണ് സിപിഐ നടത്തിയത് എന്നും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു. യുഡിഎഫിനേയും ബിജെപിയേയും പരാജയപ്പെടുത്തുക മാത്രമായിരുന്നു സിപിഐമ്മിന്റെ ലക്ഷ്യം എന്നും മുഖപ്രസംഗത്തിൽ പറയുന്നുണ്ട്. സിപിഐഎം അംഗങ്ങള്‍ കേരള കോണ്‍ഗ്രസിനെ വിജയിപ്പിക്കാനായി വോട്ട് ചെയ്തത് സാമാന്യ ജനങ്ങള്‍ക്ക് ഉള്‍ക്കൊളളാന്‍ കഴിയാത്ത രാഷ്ട്രീയ അധാര്‍മ്മികതയും അവസരവാദവുമായെ വിലയിരുത്താനാവൂ എന്നാണ് ജനയുഗം മുഖപ്രസംഗം വിലയിരുത്തിയത് . ഇതിന് പിന്നാലെയാണ് സിപിഐക്കെതിരെ ദേശാഭിമാനിയുടെ വിമര്‍ശനങ്ങളും.

ദേശാഭിമാനി പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ:

കോണ്‍ഗ്രസ് തോറ്റതിന് ഇത്ര വേവലാതിയോ

കോട്ടയം ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയം ആ പാര്‍ടിയെയും യുഡിഎഫിനെയും വിഷമിപ്പിക്കുന്നതില്‍ അത്ഭുതത്തിന് അവകാശമില്ല. പക്ഷേ, കോണ്‍ഗ്രസിന്റെ തോല്‍വി ഞങ്ങളുടെ സഹജീവികളില്‍ ഉള്‍പ്പെടെ ചിലകേന്ദ്രങ്ങളില്‍ വലിയ അസ്വസ്ഥത സൃഷ്‌ടിച്ചതായി കണ്ടു. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍നിന്ന് ഉയര്‍ന്നതിനേക്കാള്‍ വലിയ വിലാപവും മുറവിളിയുമാണ് ഇത്തരം കേന്ദ്രങ്ങളില്‍നിന്ന് ഉണ്ടായത്. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസുമാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 22 ഡിവിഷനുള്ള അവിടെ കോണ്‍ഗ്രസിന് എട്ടംഗങ്ങളും കേരള കോണ്‍ഗ്രസിന് ആറംഗങ്ങളുമാണ് ഉള്ളത്. സിപിഐ എമ്മിന് ആറും സിപിഐക്ക് ഒന്നും അംഗമുണ്ട്. പി സി ജോര്‍ജിന്റെ ജനപക്ഷത്തിനും ഒരംഗം. സിപിഐ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നപ്പോള്‍ ജോര്‍ജിന്റെ പാര്‍ടി വോട്ട് അസാധുവാക്കി. സിപിഐ എം അംഗങ്ങള്‍ കേരള കോണ്‍ഗ്രസിലെ സഖറിയാസ് കുതിരവേലിക്ക് വോട്ട് ചെയ്തപ്പോള്‍ കോണ്‍ഗ്രസിന്റെ സണ്ണി പാമ്പാടി പരാജയപ്പെട്ടു. പ്രാദേശിക തെരഞ്ഞെടുപ്പിലുണ്ടായ ഈ പരാജയം യുഡിഎഫിനെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നതാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകാനിടയില്ല. ഈ സമീപനത്തോടെ കോട്ടയം ജില്ലയിലെ യുഡിഎഫ് സംവിധാനം തീര്‍ത്തും ശിഥിലമാകുകയും ചെയ്തു.

കഴിഞ്ഞ തദ്ദേശഭരണതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷജനാധിപത്യമുന്നണി ചര്‍ച്ച ചെയ്തെടുത്ത തീരുമാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് ഈ അവസരത്തില്‍ ഓര്‍മിക്കുന്നത് നന്ന്. യുഡിഎഫിനെയും ബിജെപിയെയും പരാജയപ്പെടുത്തുക എന്നതായിരുന്നു അത്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി കോണ്‍ഗ്രസും ബിജെപിയും ഒഴികെയുള്ള വ്യക്തികളെയും സഹകരിക്കാവുന്ന ഗ്രൂപ്പുകളില്‍നിന്നുള്ളവരെയും സ്ഥാനാര്‍ഥികളാക്കാമെന്നും അന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി തീരുമാനിച്ചിരുന്നു. അന്നത്തെ നിലപാടിലൂന്നിയ കാര്യം തന്നെയാണ് കോട്ടയത്ത് കണ്ടത്. കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എടുത്ത നിലപാടിലും സ്വേച്ഛാപരമായ സമീപനത്തിലും എല്ലാവരില്‍നിന്നും എതിര്‍പ്പ് ഉയര്‍ന്നിരുന്നു എന്നത് മറ്റൊരു കാര്യം. അവിടെ ഒരു അധികാരമാറ്റം മിക്കവാറും എല്ലാവരും ആഗ്രഹിച്ചിരുന്നു എന്നതും മറച്ചുവയ്‌ക്കേണ്ടതില്ല. പ്രസിഡന്റ് രാജിവച്ചതിനെത്തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒരു വശത്തും നേരത്തെ യുഡിഎഫിന്റെ ഭാഗമായിരുന്ന കേരള കോണ്‍ഗ്രസ് എം മറുവശത്തുമായി മത്സരിക്കാനിറങ്ങി. അവിടെ സിപിഐ എമ്മിനോ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കോ ഭൂരിപക്ഷമില്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കണോ എന്ന ചോദ്യം തന്നെയാണ് അവിടെ ഉയരുക. കോണ്‍ഗ്രസിനെ ജയിപ്പിക്കേണ്ട രാഷ്‌ട്രീയ ഉത്തരവാദിത്തം ഇടതുപക്ഷ ജനാധിപത്യമുന്നണിക്കുണ്ടോ എന്ന ചോദ്യവും പ്രസക്തം. പ്രാദേശിക തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ കൈക്കൊണ്ട നിലപാട് നിഷേധിക്കേണ്ട സാഹചര്യം അവിടെ രൂപപ്പെടാത്തിടത്തോളം യുഡിഎഫിനെ പരാജയപ്പെടുത്തിയ നടപടി തെറ്റാണെന്ന് എങ്ങനെ ചിത്രീകരിക്കാനാകും.

രാജ്യത്താകെ കോണ്‍ഗ്രസിനും സംഘപരിവാര്‍ നിയന്ത്രിക്കുന്ന ബിജെപിക്കും എതിരെ സുചിന്തിതമായ നിലപാടാണ് സിപിഐ എമ്മും സിപിഐ ഉള്‍പ്പെടെയുള്ള മറ്റ് ഇടതുപാര്‍ടികളും ജനാധിപത്യ പാര്‍ടികളും സ്വീകരിക്കുന്നത്. തീവ്രഹിന്ദുത്വത്തിലൂന്നി ബിജെപി ഇന്ത്യയിലാകെ അടിച്ചേല്‍പ്പിക്കുന്ന വര്‍ഗീയരാഷ്‌ട്രീയത്തിലും അമിതാധികാരപ്രവണതകളിലും സ്വേച്ഛാപരമായ നടപടികളിലും രാജ്യത്തെ ജനാധിപത്യ-മതനിരപേക്ഷ വിശ്വാസികള്‍ കടുത്ത ആശങ്കയിലാണ്. യുപി തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം സംഘപരിവാറും ബിജെപിയും ജനാധിപത്യത്തിനും മതനിരപേക്ഷതയ്‌ക്കും ഫെഡറലിസത്തിനുമെതിരായ കടന്നാക്രമണം കൂടുതല്‍ ശക്തമാക്കി. അത് എല്ലാ അതിരും ലംഘിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെ നേരിടാനും ജനങ്ങുടെ ഐക്യനിര പടുത്തുയര്‍ത്താനും ഇടതുപക്ഷ പാര്‍ടികളാണ് മുന്നില്‍ നില്‍ക്കുന്നത്. കോണ്‍ഗ്രസ് അനുദിനം ദുര്‍ബലപ്പെടുകയും ശക്തമായ നേതൃത്വത്തിന്റെ അഭാവത്തിലെന്നോണം രാജ്യത്തെ അപായകരമായ സംഭവവികാസങ്ങള്‍ക്കു മുന്നില്‍ പകച്ചുനില്‍ക്കുകയുമാണ്. കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍ ഉള്‍പ്പെടെ ബിജെപി വീശിയ വലയില്‍ കുരുങ്ങുകയോ അതിലേക്ക് ചാടിക്കയറുകയോ ചെയ്യുന്നു. മണിപ്പൂരില്‍ കോണ്‍ഗ്രസ് മന്ത്രിസഭാഗം ബിജെപിയില്‍ ചേക്കേറി മുഖ്യമന്ത്രിയായി.യുപിയിലാകട്ടെ മുന്‍ സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെ ബിജെപിയില്‍ അഭയം തേടി. കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളും ബിജെപി മോഹവലയത്തില്‍ അകപ്പെട്ടെന്നത് നിഷേധിക്കാനും സ്വന്തം അണികളുടെ സംശയം നീക്കാനും കെപിസിസിയുടെ ആക്ടിങ് അധ്യക്ഷനുപോലും കഴിഞ്ഞിട്ടില്ല. ബിജെപി ഉയര്‍ത്തുന്ന ആപത്ത് ചെറുക്കാന്‍ കോണ്‍ഗ്രസിനാകില്ലെന്ന വ്യക്തമായ സൂചനകളാണ് ഇത്.

യുഡിഎഫിനെയും ബിജെപിയെയും ദുര്‍ബലപ്പെടുത്തുകയെന്ന നിലപാടിലൂന്നിയ സമീപനമാണ് കോട്ടയത്തുണ്ടായത്. അതിനെതിരെയാണ് വിവിധ കേന്ദ്രങ്ങളില്‍നിന്ന് ആക്ഷേപം ഉയര്‍ന്നത്. അത് ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തില്‍ ഊന്നിയുള്ളതാണെന്നു കരുതാനുള്ള മൌഢ്യം ആര്‍ക്കുമുണ്ടാകില്ലെന്നു കരുതാം. കോട്ടയം മറയാക്കി സിപിഐ എമ്മിനെതിരെ ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ കോണ്‍ഗ്രസിന് ജയിക്കാനും കോണ്‍ഗ്രസിനെ ജയിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ വിഫലമായതിന്റെ വികാരപ്രകടനങ്ങള്‍ മാത്രമായേ കാണാനാകൂ. ഒരു പ്രാദേശിക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റുപോയതിന് ഇത്രയും ഒച്ചപ്പാട് ഉണ്ടാക്കേണ്ടതുണ്ടോയെന്ന് ആരെങ്കിലും സംശയിച്ചുപോയാല്‍ അവരെ കുറ്റപ്പെടുത്താനാകുമോ. കോണ്‍ഗ്രസിനെ അധികാരക്കസേരയില്‍ അവരോധിക്കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കോ സിപിഐ എമ്മിനോ ചുമതലയുണ്ടോ. അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസിനെ വിജയിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്നതാണോ ധാര്‍മികതയുടെ അടിസ്ഥാനം. ഇടതുപക്ഷഐക്യവും ജനാധിപത്യശക്തികളുടെ കൂട്ടായ്മയും അടിസ്ഥാനമാക്കി കേരളത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുകയാണ്. അധികാരത്തിലേറിയ നാള്‍ മുതല്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ യുഡിഎഫും ബിജെപിയും കിണഞ്ഞുശ്രമിക്കുന്നു. എന്നാല്‍, അവരുടെ നീക്കങ്ങള്‍ ഒന്നൊന്നായി പരാജയപ്പെടുകയും ജനക്ഷേമ നടപടികളുമായി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയുമാണ്. തളരുന്ന കോണ്‍ഗ്രസിനെയും യുഡിഎഫിനെയും എങ്ങനെയെങ്കിലും താങ്ങിനിര്‍ത്താന്‍ വിവാദങ്ങളിലൂടെ ഊര്‍ജം പകരുന്ന മാധ്യമങ്ങള്‍ ഈയിടെയായി സമനില തെറ്റിയപോലെയാണ് പെരുമാറുന്നത്. വിവാദങ്ങളുടെ കാറ്റുപോകുന്നത്് അവരെ വല്ലാതെ അസ്വസ്ഥരാക്കുന്നു. ഒരേ മനസ്സോടെ ഇത്തരം ആക്രമണങ്ങളെ അതിജീവിച്ച് പുതിയ കേരളം എന്ന സ്വപ്നസാക്ഷാല്‍ക്കാരത്തിന് ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് കഴിയും എന്നുറപ്പാണ്. അപസ്വരങ്ങള്‍ക്കപ്പുറം അതാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതും
കടപ്പാട്: ദേശാഭിമാനി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cpim newspaper deshabhimani criticize cpi stand on kottayam district panchayath election

Next Story
പൊലീസ് മേധാവിയായി ടി.പി സെൻകുമാർ ഇന്ന് ചുമതലയേൽക്കുംtp senkumar, dgp
The moderation of comments is automated and not cleared manually by malayalam.indianexpress.com