വടകര: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ വിവാഹത്തിൽ സിപിഎം എം.എൽ.എ എ.എൻ ഷംസീർ പങ്കെടുത്തത് വിവാദമാകുന്നു. ബുധനാഴ്ച കല്യാണത്തലേന്നാണ് ഷംസീർ ഷാഫിയുടെ വീട്ടിൽ എത്തിയത്. അടുത്ത സുഹൃത്തുകള്‍ക്ക് വേണ്ടി നടത്തിയ വിവാഹ സല്‍ക്കാരത്തില്‍ ഷാഫിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ വിവാദത്തിലേക്ക് നയിച്ചിരിക്കുന്നത്. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ അഞ്ചാം പ്രതിയാണ് ഷാഫി.

ടി.പി ചന്ദ്രശേഖരനെ കൊന്നത് സിപിഐഎം ആണെന്നുള്ളതിന്റെ തെളിവാണ് ഇതെന്ന് ആർ.എം.പി നേതാവ് കെ.കെ രമ പറഞ്ഞു. ടി.പിയെ കൊല്ലാൻ ഗൂഡാലോചന നടത്തിയവരിൽ എ.എൻ ഷംസീറുമുണ്ട് എന്ന് കെ.കെ രമ പറഞ്ഞു. ഷംസീർ ഉടൻ രാജിവെക്കണമെന്ന് ആർഎംപി ആവശ്യപ്പെട്ടിട്ടുണ്ട്. ടി.പി.വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ സിപിഎം എംഎൽഎ എ.എൻ.ഷംസീർ പോയത് മുഖ്യമന്ത്രിയുടെ ദൂതനായാണെന്ന് ആർഎംപി ജനറൽ സെക്രട്ടറി എൻ.വേണു പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ