തിരുവനന്തപുരം: സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് ചേരും. നാളെയും മറ്റന്നാളും സംസ്ഥാന സമിതി ചേരുന്നുണ്ട്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസും ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകുന്നത്. ബിനോയ് കോടിയേരിക്കെതിരായ കേസും ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയും ഇന്ന് ചേരുന്ന യോഗത്തില്‍ ചര്‍ച്ചയാകും. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലാകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

Read Also: പീഡനക്കേസ്: ബിനോയ് കോടിയേരി മുൻകൂർ ജാമ്യാപേക്ഷ നൽകി

ബിനോയ് കോടിയേരി വിഷയത്തില്‍ പാര്‍ട്ടി ഇടപെടേണ്ടതില്ല എന്ന അഭിപ്രായമാണ് കൂടുതല്‍ നേതാക്കള്‍ക്കും. ബിനോയിയെ സംരക്ഷിക്കാന്‍ നോക്കേണ്ട ആവശ്യമില്ലെന്നും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കണമെന്നും ഒരു വിഭാഗം നേതാക്കള്‍ പറയുന്നുണ്ട്. പാര്‍ട്ടി ഈ വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്നാണ് നേതാക്കളുടെ വാദം.

Read Also: പ്രവാസി വ്യവസായിയുടെ ആത്മഹത്യ; പി.കെ.ശ്യാമളക്കെതിരെ സിപിഎം

ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ പാര്‍ട്ടിയില്‍ തന്നെ ഭിന്നതയുണ്ടാക്കിയിട്ടുണ്ട്. ആന്തൂര്‍ ചെയര്‍പേഴ്‌സണും എം.വി.ഗോവിന്ദന്റെ ഭാര്യയുമായ പി.കെ.ശ്യാമളയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പാര്‍ട്ടി ഇതേ കുറിച്ച് ചര്‍ച്ച ചെയ്യും. ശ്യാമളയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തളിപ്പറമ്പ് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ നഗരസഭയ്ക്ക് വീഴ്ച പറ്റിയിട്ടുള്ളതായി ഹൈക്കോടതി ഇന്നലെ നിരീക്ഷണം നടത്തിയിട്ടുണ്ട്. പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലേക്ക് തള്ളി വിടാതെ ശ്യാമളയ്‌ക്കെതിരെ നടപടി സ്വീകരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.

ഓഡിറ്റോറിയത്തിന് അനുമതി വൈകുന്നതില്‍ നഗരസഭാ അധ്യക്ഷയായ ശ്യാമളയോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് സാജന്റെ കുടുംബം ആരോപിച്ചു. എന്നാല്‍, ഈ ആരോപണങ്ങളെ ശ്യാമള തള്ളിക്കളഞ്ഞിരുന്നു. നഗരസഭയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സാധാരണ നടപടി ക്രമങ്ങള്‍ മാത്രമാണ് അനുമതി വൈകാന്‍ കാരണമെന്നുമാണ് ശ്യാമള പറഞ്ഞത്. കെട്ടിടത്തിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചിട്ടില്ലെന്നും സാധാരണ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള സമയം മാത്രമേ എടുത്തിട്ടുള്ളൂ എന്നുമാണ് നഗരസഭാ അധികൃതര്‍ വിശദീകരണം നൽകിയത്.

തിരഞ്ഞെടുപ്പ് തോല്‍വിയും സി.ഒ.ടി.നസീര്‍ വധശ്രമക്കേസില്‍ പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയായേക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.