കണ്ണൂർ: തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ നജ്മ ഹാഷിമിന്റെ ചേറ്റംകുന്നിലെ വീടിന് നേരെ അക്രമം. ജനൽ ചില്ലുകൾ പൂർണമായും തകർത്തു. വീട്ടുമുറ്റത്ത്‌ നിർത്തിയ ആക്ടീവ സ്കൂട്ടർ മഴവും വടിവാളും ഉപയോഗിച്ച് വെട്ടിപ്പൊളിച്ചു. ശനിയാഴ്ച രാത്രി പത്തേമുക്കാലോടെയാണ് അക്രമം ആരംഭിച്ചത്. എട്ടോളം പേരടങ്ങുന്ന ആർഎസ്എസ് സംഘമാണ് ആക്രമണം നടത്തിയത്.

വീട് വളഞ്ഞതിന് ശേഷം ഒരേ സമയത്താണ് വീടിന് ചുറ്റുമുള്ള ജനൽ അടിച്ചു പൊളിച്ചത്. മുകൾനിലയിലെ ജനൽ ചില്ല് കല്ലെറിഞ്ഞും തകർത്തു. നജ്മഹാഷിമും ഭർത്താവും മകളും പേരകുട്ടിയുo ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. വൈസ് ചെയർമാൻ തന്നെയാണ് തലശേരി സ്റ്റേഷനിൽ വിവരം അറിയിച്ചത്. പൊലീസ് എത്തുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു.

മഹിള അസോസിയേഷൻ നേതാവും നഗരസഭ വൈസ് ചെയർമാനുമായ നജ്മ ഹാഷിമിന്റെ വീടാക്രമിച്ച സംഭവത്തിൽ സിപിഐഎം തലശേരി ഏരിയ സെക്രട്ടറി എം സി പവിത്രൻ പ്രതിഷേധിച്ചു. പ്രദേശത്ത് വർഗീയ കലാപം ഉണ്ടാക്കാൻ ആർഎസ്എസ് ശ്രമിക്കുകയാണെന്ന് സിപിഐഎം ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ