തിരുവനന്തപുരം: സിപിഎം- സിപിഐ തർക്കത്തിൽ വാക്പോര് തുടരുന്നു. സിപിഐയെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ ആണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. സിപിഐയ്ക്ക് ഒറ്റയ്ക്ക് എന്തു ചുക്ക് ചെയ്യാന്‍ കഴിയും. തോളത്തിരുന്ന് ചെവി കടിക്കുകയാണ്. വലിയ വായില്‍ സംസാരിക്കുന്ന സിപിഐ സര്‍ക്കാരിനെ ക്ഷീണിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത്. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അവര്‍ ഏതു മുന്നണിയിലാണെന്ന് ആര്‍ക്കറിയാമെന്നും ആനത്തലവട്ടം സിപിഎം യോഗത്തില്‍ പറഞ്ഞു.

ചാമ്പ്യന്മാർ തങ്ങളാണെന്നും സർക്കാരിനെ മോശമാക്കി വരുത്തി തീർക്കാനുമാണ് സിപിഐ ശ്രമിക്കുന്നത്. തോമസ് ചാണ്ടിയെക്കാൾ സ്വത്തുള്ള ജനങ്ങളുടെ പാർ‌ട്ടിയാണ് സിപിഎം. സോളാർ സമരം അവസാനിപ്പിച്ചത് ഒത്തുകളിയാണെന്ന് സിപിഐ ആരോപിച്ചിരുന്നു. എന്നാൽ അന്വേഷണറിപ്പോർട്ട് വന്നപ്പോൾ എന്തായി എന്നും അദേഹം ചോദിച്ചു. പാർലമെന്‍റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഐ മുന്നണി വിടാനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്ന് വിവിധ കോണുകളിൽ നിന്ന് ചർച്ചകൾ ഉയരുന്നതിനിടെയാണ് ആനത്തലവട്ടത്തിന്‍റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

അതേസമയം, ആനത്തലവട്ടത്തിന് മറുപടിയുമായി സിപിഐ രംഗത്തെത്തി. മുന്നണി നിലനിർത്തേണ്ട ബാധ്യത ആനത്തവട്ടത്തേക്കാൾ അറിയാമെന്ന് സിപിഐ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ