തിരുവനന്തപുരം: പ്രകോപനപ്രസംഗവുമായി വീണ്ടും ബിജെപി തിരുവനന്തപുരം ജില്ല പ്രസിഡൻഡ് പി സുരേഷ് രംഗത്ത്. സിപിഐഎം ഭീകരപ്രസ്ഥാനമാണ് എന്നും കോടിയേരി ബാലകൃഷ്ണൻ ഭീകരവാദിയാണ് എന്നുമാണ് പി.സുരേഷ് ഇന്ന് പറഞ്ഞത്. സെക്രട്ടറിയേറ്റിലേക്ക് നടന്ന ബിജെപി പ്രകടനത്തിനിടെയാണ് പി.സുരേഷിന്റെ വിവാദപ്രസംഗം. കാശ്മീരിൽ സൈന്യത്തിന് കവചമായി ഉപയോഗിക്കാൻ കോടിയേരി ബാലകൃഷ്ണനെ നൽകാമെന്നും പി. സുരേഷ് പറഞ്ഞു.

നേരത്തെ വിവാദ പ്രസംഗത്തിന്റെ പേരിൽ സുരേഷിന് എതിരെ പൊലീസ് കേസ് എടുത്തിരുന്നു. ‘ബി.ജെ.പി നേതാക്കാന്‍മാരെയും പ്രവര്‍ത്തകരെയും തൊട്ട കൈയ്യും തലയും തേടി മുന്നേറ്റമുണ്ടാകും. പാറശ്ശാലയിലും ആനാവൂരിലും സമാധാനം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് ആര്‍.എസ്.എസിന്റെ ഔദാര്യം കൊണ്ടാണെ’ന്നും സുരേഷ് പ്രസംഗത്തില്‍ ഭീഷണിപ്പെടുത്തിയിരുന്നു. ആനാവൂരില്‍ ആര്‍എസ്എസ് ജില്ലാ കാര്യവാഹിനുനേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ബി.ജെ.പി നേതാവിന്റെ ഭീഷണി.

തിരുവനന്തപുരം ബിജെപി ജില്ല കമ്മറ്റി ഓഫീസ് നേരെ നടന്ന ബോംബേറിൽ പ്രതിഷേധിച്ചാണ് ബിജെപി നേതാക്കൾ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനാണ് റാലി ഉദ്ഘാടനം ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ