കൊച്ചി: എസ്‌ഡിപിഐ-ക്യാംപസ് ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണത്തിൽ കുത്തേറ്റ് മരിച്ച എസ്എഫ്ഐ നേതാവും മഹാരാജാസ് കോളേജ് വിദ്യാർത്ഥിയുമായ അഭിമന്യുവിന്റെ കുടുംബത്തിനുളള വീട് നാളെ നിർമ്മാണം തുടങ്ങും. വട്ടവടയിലെ കൊട്ടക്കമ്പൂരിൽ അഭിമന്യുവിന്റെ കുടുംബം ഇപ്പോൾ താമസിക്കുന്ന സ്ഥലത്തിനോട് ചേർന്നാണ് പുതിയ വീട് നിർമ്മിക്കുന്നത്.
രാവിലെ 11 മണിക്ക് സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യുറോ അംഗവുമായ കോടിയേരി ബാലകൃഷ്ണനാണ് വീടിന്റെ തറക്കല്ലിടുന്നത്. ആയിരം ചതുരശ്ര അടി വിസ്തൃതിയിൽ 20 ലക്ഷം രൂപ ചിലവഴിച്ചാണ് വീട് പണിയാൻ തീരുമാനിച്ചിരിക്കുന്നത്.
വീട് നിർമ്മിക്കുന്നതിനായി കൊട്ടക്കമ്പൂരിൽ പത്ത് സെന്റ് സ്ഥലം സിപിഎം നേരത്തെ തന്നെ അഭിമന്യുവിന്റെ കുടുംബത്തിനായി വാങ്ങിയിരുന്നു. 8.5 ലക്ഷം രൂപയാണ് സിപിഎം ഇതിനായി ചിലവഴിച്ചത്. അഭിമന്യു കൊല്ലപ്പെട്ട് ഒരു മാസം തികയും മുൻപാണ് വീട് നിർമ്മാണം സിപിഎം ആരംഭിക്കുന്നത്. കേസിൽ ഇതുവരെയും മുഴുവൻ പ്രതികളെയും പിടിക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.
ഈ മാസം ഒന്നാം തീയ്യതി(ഞായറാഴ്ച) അർദ്ധരാത്രിയോടെയാണ് മഹാരാജാസ് കോളേജിന്റെ കിഴക്കേ ഗേറ്റിന് പുറത്ത് വച്ച് അഭിമന്യുവിന് കുത്തേറ്റത്. എസ്‌ഡിപിഐ-ക്യാംപസ് ഫ്രണ്ട് സംഘം നടത്തിയ ആസൂത്രിത ആക്രമണത്തിലായിരുന്നു ഇത്. സംഭവസ്ഥലത്ത് തന്നെ അഭിമന്യു മരിച്ചുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.