തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്ക് എതിരെയുണ്ടായ പൊലീസ് നടപടിയെ ന്യായീകരിച്ച് സിപിഐ(എം) സംസ്ഥാന നേതൃത്വം. ഒന്നാം ഇഎംഎസ്‌ സര്‍ക്കാരിന്റെ അറുപതാം വാര്‍ഷിക ആഘോഷദിനത്തില്‍ തന്നെ ഡിജിപി ഓഫിസിന്‌ മുന്നില്‍ സമരവും സംഘര്‍ഷവും സൃഷ്ടിച്ചത്‌ യാദൃശ്ചികമാണെന്ന്‌ കരുതാനാവില്ല. കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും പ്രധാന നേതാക്കള്‍ സമരത്തിന്‌ ചുക്കാന്‍പിടിച്ച്‌ പരിസരങ്ങളിലുണ്ടായിരുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

സമരക്കാരെന്ന വ്യാജേന എത്തിയ ചിലര്‍ പ്രകോപനം സൃഷ്ടിച്ച്‌ പൊലീസിനെതിരെ തിരിയുകയായിരുന്നു. എന്നിട്ടും തികഞ്ഞ അനുഭാവത്തോടെയും ഇരകളോടൊപ്പമാണ്‌ പൊലീസ്‌ നില്‍ക്കേണ്ടതെന്ന എല്‍ഡിഎഫ്‌ സര്‍ക്കാര്‍ നയത്തിന്‌ അനുസൃതമായുമായാണ്‌ പൊലീസ്‌ പെരുമാറിയത്‌ എന്നാണ്‌ സിപിഎം നിലപാട്. അവരെ നീക്കാന്‍ ശ്രമിച്ചപ്പോള്‍ റോഡില്‍ കിടക്കുകയും അപ്പോള്‍ വനിതാ പൊലീസ്‌ കൈകൊടുത്ത്‌ പൊക്കിയെടുത്ത്‌ ആശുപത്രിയിലേക്ക്‌ മാറ്റുകയുമാണ്‌ ചെയ്‌തത്‌. ജിഷ്‌ണുവിന്റെ അമ്മയെ ചവിട്ടുകയോ, മര്‍ദ്ദിക്കുകയോ ചെയ്യുന്നതായോ, അതിക്രമങ്ങള്‍ കാട്ടിയതായോ ഇതുവരെ ഒരു മാധ്യമ ദൃശ്യത്തിലും കാണുന്നില്ല എന്നും പ്രസ്തതാവനയിൽ പറയുന്നുണ്ട്. എന്നാല്‍ ഇതേപ്പറ്റി ജിഷ്‌ണുവിന്റെ അമ്മ പരാതി ഉന്നയിച്ചിരിക്കുന്നതിനാല്‍ അക്കാര്യം നിഷ്‌പക്ഷമായി അന്വേഷിച്ച്‌ ആരെങ്കിലും കുറ്റം ചെയ്‌തിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ നടപടിയെടുക്കുകയും ചെയ്യുമെന്ന്‌ സിപിഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ ചൂണ്ടിക്കാട്ടി.

ജിഷ്‌ണു സംഭവം എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ സൃഷ്ടിയല്ല. വിദ്യഭ്യാസ കച്ചവടത്തിനും കൊള്ളയ്‌ക്കും കൊള്ളരുതായ്മക്കും സ്വാശ്രയ മാനേജുമെന്റുകള്‍ക്ക്‌ പരവതാനി വിരിച്ചുകൊടുത്ത്‌ യുഡിഎഫ്‌ ഭരണത്തിന്‌ നേതൃത്വം നല്‍കിയ എ.കെ.ആന്റണി തന്നെ ജിഷ്‌ണു സംഭവത്തില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നത്‌ കൗതുകകരമാണെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ