തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കാൻ സിപിഐഎം തീരുമാനം. വിവാദം പാർട്ടിക്ക് ഗുണകരമാകില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തി. ക്ഷേത്ര സന്ദർശനവും ക്ഷേത്രാചാരങ്ങൾ പാലിച്ചതും ചിലർ അനാവശ്യമായി വിവാദമാക്കുകയായിരുന്നെന്ന കടകംപള്ളിയുടെ വിശദീകരണം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ യോഗത്തിൽ റിപ്പോർട്ട് ചെയ്തു.

വിശദീകരണം തൃപ്തികരമാണെന്ന് വിലയിരുത്തിയതിനെ തുടർന്ന് മന്ത്രിക്കെതിരെ പാർട്ടി തല നടപടികളൊന്നും ഉണ്ടാകില്ല. വിഷയം ഇപ്പോൾ തന്നെ രാഷ്ട്രീയ മുതലെടുപ്പിനായി ബിജെപി ഉപയോഗിച്ച് തുടങ്ങിയെന്നും നിരീക്ഷണമുണ്ടായി.

ഗുരുവായൂരില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദര്‍ശനം നടത്തിയത് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന വൈരുധ്യാത്മിക ഭൗതിക വാദത്തിന് വിരുദ്ധമാണെന്നാണ് ആരോപണം. പാലക്കാട് പ്ലീനത്തില്‍ എടുത്ത തീരുമാന പ്രകാരം ലോക്കല്‍ കമ്മിറ്റി മുതലുള്ള നേതാക്കള്‍ പൂജാദികാര്യങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ല.

വിശ്വാസത്തോടുള്ള സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവരുന്നതെന്നായിരുന്നു ബിജെപിയുടെ ആരോപണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ