തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ഓഗസ്റ്റ് 13 മുതല്‍ 18 വരെയുള്ള തീയതികളില്‍ സിപിഎം ഫണ്ട് ശേഖരണം നടത്തുന്നു. സംസ്ഥാന സെക്രട്ടറിയേറ്റാണ് ഇക്കാര്യം അറിയിച്ചത്.

കനത്ത മഴയും മണ്ണിടിച്ചിലും നിരവധി മനുഷ്യജീവനുകള്‍ അപഹരിച്ചുകഴിഞ്ഞു. 1624 ക്യാമ്പുകളിലായി 84,216 കുടുംബങ്ങള്‍ താമസിക്കുകയാണ്‌. മൊത്തം 2,86,714 പേരാണ്‌ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നത്‌. 286 വീടുകള്‍ പൂര്‍ണ്ണമായും, 2966 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 76 പേരാണ്‌ ഇതുവരെ ഈ ദുരന്തത്തില്‍ മരണപ്പെട്ടത്‌. 58 പേരെ കാണാനുമില്ല.

ഈ സാഹചര്യത്തില്‍ ക്യാമ്പുകളില്‍ എത്തപ്പെട്ട ജനങ്ങളെ സഹായിക്കാനും നാശനഷ്‌ടം നേരിട്ടവര്‍ക്ക്‌ ജീവിതത്തിലേക്ക്‌ തിരിച്ചുവരാനുമുള്ള സാഹചര്യം ഒരുക്കേണ്ടത്‌ നാടിനെ സ്‌നേഹിക്കുന്ന ഏവരുടെയും കടമയാണ്‌. അതുള്‍ക്കൊണ്ടുകൊണ്ട്‌ പ്രവര്‍ത്തിക്കാനാവണം. കേരളം നേരിട്ട ഈ ദുരിതത്തില്‍ നിന്ന്‌ നാടിനെ കൈപിടിച്ചുയര്‍ത്താന്‍ സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഫണ്ട്‌ ശേഖരിക്കാനുള്ള പ്രവര്‍ത്തനം സി.പി.ഐ (എം) സംഘടിപ്പിക്കുകയാണ്‌. ഈ സംരംഭം വിജയിപ്പിക്കാന്‍ കേരളം ഒറ്റമനസോടെ സന്നദ്ധമാകണം. അതോടൊപ്പം തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും മുഴുകണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ ആഹ്വാനം ചെയ്‌തു.

Read Also: ‘തുണികള്‍ കൊണ്ടൊരു നൗഷാദ്’; ആദരം അര്‍പ്പിച്ച് ഡാവിഞ്ചി സുരേഷ്

കഴിഞ്ഞ തവണ പ്രളയം ഉണ്ടായപ്പോൾ സിപിഎം സംസ്ഥാന തലത്തിൽ ശേഖരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് 26,43,22,778 രൂപയാണ്. ഇത്തവണയും ദുരിതാശ്വാസ നിധിയിലേക്ക് ചെറിയ സംഭാവനകൾ ശേഖരിച്ച് നൽകാൻ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങുകയാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നുണ്ട്. വയനാടും മലപ്പുറം ജില്ലയിലെ ഭൂദാനവുമാണ് മുഖ്യമന്ത്രി സന്ദർശിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.