തിരുവനന്തപുരം: സ്വയം വിമര്‍ശനവുമായി സിപിഎം. നേതാക്കളിലും അണികളിലും സുഖലോലുപരുടെ എണ്ണം വര്‍ധിക്കുന്നതായി സിപിഎം റിപ്പോര്‍ട്ട്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ച റിപ്പോര്‍ട്ടാണ് ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതിയില്‍ ചര്‍ച്ചയായത്. പാര്‍ട്ടിക്ക് വീഴ്ചകള്‍ പറ്റുന്നത് എവിടെയാണെന്ന് സംസ്ഥാന സമിതിയില്‍ വിലയിരുത്തി.

സംഘടനാ കാര്യങ്ങളില്‍ സഖാക്കളുടെ ശ്രദ്ധ കുറയുന്നു. രാഷ്ട്രീയമായി നേരിടുന്ന വെല്ലുവിളികള്‍ സഖാക്കള്‍ മനസിലാക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന സമിതിയില്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

Read Also: സാനിയേ അയ്യപ്പോ; ‘ശരണം’ വിളിച്ച് വരവേറ്റ് ആരാധകർ- വീഡിയോ

പാര്‍ട്ടിയില്‍ സുഖലോലുപരായ നേതാക്കളുടെയും അണികളുടെയും എണ്ണം വര്‍ധിക്കുന്നു. പാര്‍ട്ടിയുടെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതാണിത്. സംഘടനാ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ നേതൃത്വം ഇച്ഛാശക്തി കാണിക്കണം. നേതാക്കളുടെ പ്രവര്‍ത്തന ശൈലിയും പ്രസംഗ ശൈലിയും മാറ്റണം. നേതാക്കള്‍ ജനങ്ങളോട് പുച്ഛത്തോടെ സംസാരിക്കരുത്. ജനകീയ അടിത്തറ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളായിരിക്കും പാര്‍ട്ടി നേതാക്കളും അണികളും നടത്തേണ്ടതെന്നും സിപിഎം സംസ്ഥാന സമിതിയില്‍ നിര്‍ദേശമുണ്ടായി.

സംസ്ഥാന സെക്രട്ടറിയേറ്റിലും പാർട്ടി പ്രവർത്തനങ്ങൾക്കെതിരെ വിമർശനം ഉയർന്നിരുന്നു.  സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെങ്കിലും അതിനെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല. സര്‍ക്കാരിന്റെ നേട്ടങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ പൂര്‍ണമായി വിജയിച്ചിട്ടില്ലെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. ഗൃഹസന്ദര്‍ശനത്തിലൂടെ പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച അഭിപ്രായങ്ങള്‍ സെക്രട്ടറിയേറ്റ് വിലയിരുത്തി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കാന്‍ സാധിക്കാത്തതും പൊലീസ് സേനയുടെ വീഴ്ചയും മോശമായി ബാധിക്കുന്നതായി സെക്രട്ടറിയേറ്റില്‍ നേതാക്കള്‍ പറഞ്ഞു.

പൊലീസ് സേനയുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ സര്‍ക്കാരിനെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് സെക്രട്ടറിയേറ്റില്‍ വിമര്‍ശനം ഉയര്‍ന്നു. പൊലീസിന്റെ വീഴ്ചകള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ട്. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്ക് പോലും അത് തിരിച്ചടിയാകുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെങ്കിലും പൊലീസ് സേനയിലെ വീഴ്ച ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതായി സെക്രട്ടറിയേറ്റില്‍ വിമര്‍ശനം ഉയര്‍ന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.