തിരുവനന്തപുരം: മലപ്പുറം തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതോടെ സിപിഐഎം – സിപിഐ പാർട്ടികൾ തമ്മിലുള്ള തർക്കം വീണ്ടും രൂക്ഷമാകുന്നു. ജിഷ്ണു കേസിലെ ഇടപെടൽ, മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കൽ എന്നീ വിഷയങ്ങളിലെ അഭിപ്രായ ഭിന്നത ഇരുപാർട്ടികളിലും തർക്കം സൃഷ്ടിച്ചിരിക്കുകയാണ്. ഈ തർക്ക വിഷയങ്ങൾ ചർച്ചചെയ്യാൻ സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് എതിരെ സിപിഐക്ക് കടുത്ത​ എതിർപ്പാണ് ഉള്ളത്.

ജിഷ്ണുക്കേസിൽ സർക്കാർ പല കാര്യങ്ങളും ചെയ്തിട്ടും മഹിജയുടെ സമരം ഒത്തുതീർപ്പാക്കാൻ വൈകിപ്പോയി എന്നാണ് സിപിഐ നിലപാട്. ജിഷ്ണുവിന്റെ കുടുംബാഗങ്ങൾക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പൊലീസിനെ കടുത്ത ഭാഷയിലാണ് സിപിഐ നേതാക്കൾ വിമർശിച്ചത്. എന്നാൽ സിപിഐ നേതാക്കളുടെ നിലപാടിന് നേരെ വിപരീത നിലപാടാണ് സിപിഐഎം നേതാക്കൾ സ്വീകരിച്ചത്. കാനം രാജേന്ദ്രനും , കോടിയേരി ബാലകൃഷ്ണനും ഈ വിഷയത്തിൽ രണ്ട് തട്ടിലായിരുന്നു.

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ മുന്നണിക്കകത്ത് ഉടലെടുത്ത് മന്ത്രിസഭയിലേക്ക് വരെ വളര്‍ന്ന തര്‍ക്കം. ഘടകകക്ഷി മര്യാദകള്‍ വിട്ട വാദപ്രതിവാദങ്ങള്‍. ഇടത് മുന്നണി ഒരു വകുപ്പും ആര്‍ക്കും തീറെഴുതിയിട്ടില്ലെന്ന് മന്ത്രി എം എം മണി. കയ്യേറ്റം ഒഴിപ്പിക്കുകയാണ് സര്‍ക്കാര്‍ നിലപാടെന്ന് ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ച് സി പി ഐ. സബ് കളക്ടര്‍ അടക്കം റവന്യു ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി ശക്തമായി തിരിച്ചടിക്കാനാകും പാര്‍ട്ടി തീരുമാനം.തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിനിടെ പ്രതിപക്ഷത്തല്ലെന്ന് സി പി ഐയെ പ്രകാശ് കാരാട്ട് ഓര്‍മ്മിപ്പിച്ചതും എരിതീയില്‍ എണ്ണയൊഴിക്കും വിധം ഇടതുമുന്നണിയുടെ മേലാളായി കാനത്തെ നിയമിച്ചിട്ടില്ലെന്ന ഇ പി ജയരാജന്റെ ഫേസ് ബുക്ക് പോസ്റ്റും സി പി ഐ നിര്‍വ്വാഹക സമിതിയില്‍ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയേക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ