തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് പുലര്‍ച്ചെയുണ്ടായ സിപിഎം- ബിജെപി സംഘര്‍ഷത്തിന്റെ അന്വേഷണ ചുമതല പ്രത്യേക സംഘത്തിന് കൈമാറുമെന്ന് ഐജി മനോജ് എബ്രഹാം. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയതായും അദ്ദേഹം വിശദീകരിച്ചു.

ബിജെപി ഓഫീസിന് പുറമേ ജില്ലയുടെ വിവിധ മേഖലകളിലുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം. വിവിധ മേഖലയിലുണ്ടായ സംഘര്‍ഷത്തിലുള്‍പ്പെട്ട അക്രമികള്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. അക്രമവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കാളികളായ നേതാക്കള്‍ക്കെതിരെയും കേസെടുക്കും.

സംഘര്‍ഷബാധിത മേഖലയില്‍ 450 ഓളം പൊലീസുകാരെ അധികമായി വിന്യസിച്ചിട്ടുണ്ട്. നിരന്തര പട്രോളിംഗിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ബിജെപി ഓഫീസ് ആക്രമണസമയത്ത് കാഴ്ചക്കാരായി നിന്ന രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. അക്രമം തടയാൻ ശ്രമിച്ചില്ലെന്ന കാരണത്തിലാണ് സസ്പെൻഷൻ.

നിഷ്പക്ഷമായി തന്നെ കേസ് അന്വേഷിക്കുമെന്നും അക്രമികളെ വേഗത്തിൽ പിടികൂടുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. സംഭവത്തിന് കാരണക്കാരായ എല്ലാവരെയും വേഗത്തിൽ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ