തിരുവനന്തപുരം: തലസ്ഥാനത്തെ രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു. ഇന്നലെ നടന്ന ആക്രമണത്തിൽ​ പങ്കെടുത്ത 13 ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘർഷം വ്യപിക്കാതിരിക്കാൻ കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ഇന്നലെ തിരുവനന്തപുരത്തെ സിപിഐഎം ജില്ലാ കമ്മറ്റി ഓഫീസിന് നേരെ ബിജെപി പ്രവർത്തകർ കല്ലെറിഞ്ഞിരുന്നു. ബിജെപിയുടെ പ്രകടനം കടന്ന് പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കല്ലേറിൽ ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നു. ആക്രമണത്തിനിടെ കൃഷ്ണപിള്ള സ്മാരകം തകര്‍ത്തു.

ഇതിനിടെ കരിക്കകത്ത് 2 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു. ബിജെപി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഐഎം ആരോപിച്ചു. തിരുവനന്തപുരം നഗരസഭ ചെയർമാനെ ആക്രമിച്ച സംഭവത്തിൽ സിപിഎം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഈ പ്രകടനത്തിന് നേരെയാണ് കരിക്കകത്ത് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. വെട്ടേറ്റവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം സംഘർഷം തടയുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായെന്നും പൊലീസ് നോക്കി നിൽക്കെയാണ് ആക്രമണം ഉണ്ടായതെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ