തിരുവനന്തപുരം: കായൽ കയ്യേറ്റ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയെ സി.പി.ഐ.എം കൈവിടുന്നു. മന്ത്രി സ്ഥാനത്ത് നിന്ന് രാജി വെക്കുന്ന കാര്യത്തിൽ തോമസ് ചാണ്ടി ഉചിതമായ തീരുമാനം എടുക്കണമെന്ന് സിപിഎം തോമസ് ചാണ്ടിക്ക് നിർദ്ദേശം നൽകി. സാഹചര്യം ഗൗരവമുള്ളതാണെന്നും സിപിഎം ചാണ്ടിയെ ധരിപ്പിച്ചു. മന്ത്രിക്കെതിരെ നിയമോപദേശം പ്രതികൂലമായാൽ രാജിക്കാര്യത്തിൽ ചാണ്ടി തന്നെ ഉചിതമായ തീരുമാനമെടുക്കട്ടെയെന്നാണ് പാർട്ടിയുടെ നിലപാട്.

നിയമോപദേശം തേടാനുള്ള മന്ത്രിസഭയുടെ തീരുമാനത്തിനെതിരെ ചാണ്ടി കോടതിയെ സമീപിച്ചത് ശരിയായ നിലപാടല്ലെന്നാണ് സി.പി.എം വിലയിരുത്തുന്നത്. ഇക്കാര്യം ചാണ്ടിയെ അറിയിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇക്കാര്യത്തിൽ തീരുമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടില്‍ ഉടന്‍ പരിശോധന നടത്താനാകില്ലെന്ന് റിസോര്‍ട്ട് അധികൃതര്‍ അറിയിച്ചു. പരിശോധന നടത്താന്‍ നഗരസഭാ റവന്യൂ വിഭാഗം തീരുമാനിച്ച് നോട്ടീസ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയായാണ് റിസോര്‍ട്ട് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. സഞ്ചാരികള്‍ നേരത്തെ മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നും ജനുവരിയില്‍ പരിശോധന നടത്താമെന്നുമാണ് റിസോര്‍ട്ടിന്റെ ഉടസ്ഥരായ വാട്ടര്‍വേള്‍ഡ് കമ്പനിയുടെ എംഡി നഗരസഭയ്ക്ക് മറുപടി നല്‍കിയതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

എന്നാല്‍ പരിശോധനയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് നഗരസഭയുടെ തീരുമാനം. കെട്ടിടങ്ങളുടെ അളവെടുക്കും. ഇതിനായി ഒരു തവണകൂടി നോട്ടീസയക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.

ഇതിനിടെ കളക്ടര്‍ ടി.വി.അനുപമയുടെ റിപ്പോര്‍ട്ട് വളച്ചൊടിക്കുകയാണെന്നാരോപിച്ച് വാട്ടര്‍ വേള്‍ഡ് കമ്പനി പരസ്യം നല്‍കി. കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിലെ വസ്തുതകള്‍ എണ്ണിയെണ്ണി നിഷേധിക്കുന്നതാണ് പരസ്യം.മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസിന്റെയും വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെയും മാനേജര്‍ മാത്യുജോസഫിന്റെ പേരിലാണ് പരസ്യം നല്‍കിയിട്ടുള്ളത്. ഇപ്പോഴത്തെ കലക്ടറോ മുന്‍ കലക്ടറോ തോമസ് ചാണ്ടി ഒരിഞ്ചുഭൂമി കൈയേറിയതായി കണ്ടെത്തിയിട്ടില്ല. എന്നാല്‍, ഇപ്പോഴത്തെ കളക്ടറുടെ റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്നാണ് പരസ്യത്തിലൂടെ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ