ആലുവ: ജനകീയ മെട്രോ യാത്രയുടെ പേരിൽ കൊച്ചി മെട്രോ സ്റ്റേഷനിലും ട്രെയിനുകളിലും നാശനഷ്ടമുണ്ടാക്കിയ കോണ്‍ഗ്രസ് നേതാക്കൾക്കും ഒപ്പം യാത്ര ചെയ്ത പ്രവർത്തകർക്കുമെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. പൊതുജനങ്ങൾക്കും കെഐംആർഎല്ലിനും നഷ്ടം വരുത്തിയെന്നാണ് സിപിഎം ആലുവ ഏരിയ കമ്മറ്റി നൽകിയ പരാതിയിൽ ആരോപിക്കുന്നത്. പരാതി കെഎംആർഎൽ എംഡി ഏലിയാസ് ജോർജ്ജിന് കൈമാറി.

കോണ്‍ഗ്രസ് നേതാക്കളുടെ ജനകീയ മെട്രോ യാത്രയെക്കുറിച്ച് കെഐംആർഎൽ അന്വേഷണം നടത്താൻ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ പരാതി ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ ഖേദം പ്രഖടിപ്പിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്ത് എത്തിയിരുന്നു. പ്രവര്‍ത്തകരുടെ ആവേശമാണ് അന്ന് കണ്ടതെന്നും ആര്‍ക്കെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ട്രെയിനിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതില്‍ കൂടുതല്‍ ആളുകള്‍ തള്ളിക്കയറിയതിനാൽ സിഗ്നല്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമായി. ടിക്കറ്റെടുക്കാതെയായിരുന്നു പലരുടെയും യാത്ര. സുരക്ഷ സംവിധാനങ്ങള്‍ക്കും ഓട്ടോമാറ്റിക്‌സ് ഫെയര്‍ കലക്ഷന്‍ ഗേറ്റുകള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരിപാടി വലിയ തലവേദനയാണുണ്ടാക്കിയത്. പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ പേരുടെ പേരിലും കേസെടുത്ത് നിയമനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം പരാതി നല്‍കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.