Latest News

തെളിവുകൾ ഹാജരാക്കുക, അല്ലെങ്കിൽ മാപ്പ് പറയുക; കുഞ്ഞാലിക്കുട്ടിക്കെതിരെ സിപിഎം

ഖുർആന്റെ മറവിൽ സ്വർണം കടത്തിയെന്ന്‌ പറഞ്ഞ കുഞ്ഞാലിക്കുട്ടി ഈന്തപ്പഴത്തിൽ കുരുവിന്‌ പകരം സ്വർണമാണെന്ന ധ്വനിയിൽ ആരോപിക്കുകയാണെന്നും സിപിഎം

kunhalikutty, muslim leage , iuml,മുസ്‌ലിം ലീഗ്, സാദിഖ് അലി, sadiq ali thangal, triple talaq bill,മുത്തലാഖ്, ലോകസഭ, കുഞ് indianexpress, ഐഇ മലയാളം

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് വഴി കേരളത്തിലേക്ക് ഖുർആനും ഈന്തപ്പഴവും കൊണ്ടുവന്നതിൽ ദുരൂഹത ആവർത്തിക്കുന്ന മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി തെളിവുകൾ ഹാജരാക്കണമെന്ന് സിപിഎം. ഖുർആനും ഈന്തപ്പഴവും നേരായ വഴിക്കല്ല യുഎഇ കേരളത്തിലേക്ക്‌ കൊണ്ടുവന്നതെന്ന്‌ ആവർത്തിച്ച കുഞ്ഞാലിക്കുട്ടി ലക്ഷക്കണക്കിന്‌ മലയാളികളുടെ ജീവൻകൊണ്ട്‌ പന്താടുകയാണെന്ന് സിപിഎം ആരോപിച്ചു‌. ഏറ്റവും കൂടുതൽ മലയാളികൾ ജോലിചെയ്യുന്ന രാജ്യമാണ്‌ യുഎഇ. ആ രാജ്യം അവരുടെ കോൺസുലേറ്റിലേക്ക്‌ അയച്ചതാണ്‌ ഖുർആനും ഈന്തപ്പഴവും. ഇത്‌ കേന്ദ്രസർക്കാരിന്റെ കസ്റ്റംസ്‌ ക്ലിയറൻസ്‌ ചെയ്‌തതുമാണെന്ന് സിപിഎം പറഞ്ഞു‌.

ഖുർആന്റെ മറവിൽ സ്വർണം കടത്തിയെന്ന്‌ പറഞ്ഞ കുഞ്ഞാലിക്കുട്ടി ഈന്തപ്പഴത്തിൽ കുരുവിന്‌ പകരം സ്വർണമാണെന്ന ധ്വനിയിൽ ആരോപിക്കുകയും ചെയ്‌തു. കോൺസുലേറ്റിലേക്ക്‌ യുഎഇ സർക്കാർ അയച്ച ഖുർആനിലും ഈന്തപ്പഴത്തിലും സ്വർണം കടത്തിയെന്ന്‌ ആരോപിക്കുന്ന കുഞ്ഞാലിക്കുട്ടി ആ രാജ്യത്തെ കള്ളക്കടത്ത്‌ രാജ്യമായി പ്രഖ്യാപിക്കുകയാണ്‌ ചെയ്യുന്നതെന്ന് സിപിഎമ്മിന്റെ ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു.

നിലപാടിൽ ഉറച്ചു നിൽക്കുന്നുവെങ്കിൽ ഇത്‌ സംബന്ധിച്ച തെളിവുകൾ അടിയന്തിരമായി എൻഐഎയ്‌ക്ക്‌ കൈമാറാൻ കുഞ്ഞാലിക്കുട്ടി തയ്യറാകണം. അല്ലെങ്കിൽ ഇത്രയും നിരുത്തരവാദിത്തപരമായ പ്രസ്‌താവനയ്‌ക്ക്‌ കുഞ്ഞാലിക്കുട്ടി മാപ്പ്‌ പറയണമെന്നും സിപിഎം ആവശ്യപ്പെട്ടു. രണ്ട്‌ രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തെ തകർക്കുന്ന പ്രസ്‌താവന നടത്തിയ പാർലമെന്റ്‌ അംഗം കൂടിയായ കുഞ്ഞാലിക്കുട്ടിക്ക്‌ എതിരെ കേസ്‌ എടുക്കണമെന്നും സിപിഎം ആവശ്യപ്പെട്ടിരിക്കുന്നു.

Read Also: ആരോപണങ്ങൾക്ക് മറുപടി പറയാതെ മതത്തെ വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നു; സിപിഎമ്മിനെതിരെ കുഞ്ഞാലിക്കുട്ടി

കേരളത്തോടുള്ള പ്രത്യേക താൽപര്യത്തിന്റെ ഭാഗമായാണ്‌ തിരുവനന്തപുരത്ത്‌ യുഎഇ കോൺസുലേറ്റ്‌ ആരംഭിക്കുന്നത്‌. നയതന്ത്ര ബാഗേജ്‌ വഴി സ്വർണം കടത്തിയ കേസിൽ ഏതെങ്കിലും ഉദ്യോഗസ്ഥർ തെറ്റ്‌ ചെയ്‌തിട്ടുണ്ടെങ്കിൽ അന്വേഷിച്ച്‌ വസ്‌തുതകൾ പുറത്തുകൊണ്ടുവരേണ്ടതാണ്‌. എന്നാൽ അതൊന്നും ചെയ്യാതെ യുഎഇ എന്ന രാജ്യത്തെതന്നെ പ്രതിക്കൂട്ടിലാക്കി നിർത്താനുള്ള ശ്രമം പ്രവാസി മലയാളികളെ കൊലയ്‌ക്ക് കൊടുക്കുന്നതിനു തുല്യമാണെന്നും സിപിഎം പറയുന്നു.

ബിജെപിക്കുവേണ്ടി ഏതറ്റംവരേയും പോകാൻ മടിയില്ലാത്ത കുഞ്ഞാലിക്കുട്ടി അപകടകരമായ നീക്കങ്ങളാണ്‌ നടത്തുന്നത്‌. നേരത്തെ സംഘപരിവാർ വാദം ഏറ്റുപിടിച്ച്‌ ഖുറാനെ അധിക്ഷേപിച്ചു, ഇപ്പോൾ യുഎഇയെ കള്ളക്കടത്ത്‌ രാജ്യമായും പ്രഖ്യാപിച്ചു. ഇടതുപക്ഷ വിരുദ്ധതയും അധികാരമോഹവും മുസ്‌ലിം ലീഗിനെ എത്രമാത്രം അധപതിപ്പിച്ചിരിക്കുന്നു എന്നതിന്റെ തെളിവുകൂടിയാണിത്‌. സാമുദായിക സംഘടനകളുൾപ്പെടെ എതിർത്തിട്ടും ഖുർആൻ വിരുദ്ധത കുഞ്ഞാലിക്കുട്ടി ആവർത്തിച്ചത്‌ ബിജെപി വിധേയത്വത്തിന്റെ ആഴം തുറന്നുകാണിക്കുകയാണെന്നും സിപിഎം ആരോപിച്ചു. ലീഗ്‌-കോൺഗ്രസ്-ബിജെപി കൂട്ടുക്കെട്ടിന്റെ ദേശവിരുദ്ധ ശ്രമങ്ങളെ ഒറ്റപ്പെടുത്താൻ നാടിനെ സ്‌നേഹിക്കുന്നവർ തയ്യറാവണമെന്ന് അഭ്യർത്ഥിക്കുന്നതായും സിപിഎം പ്രസ്‌താവനയിൽ ആവശ്യപ്പെടുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cpim against pk kunhalikutty gold smuggling case

Next Story
വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തിയവർക്കെതിരെ കാവ്യ മാധവൻ പരാതി നൽകിkavya madhavan, kavya dileep
The moderation of comments is automated and not cleared manually by malayalam.indianexpress.com