ന്യൂഡൽഹി: കോവിഡ് സാഹചര്യത്തിൽ വൈകിയ സിപിഎം സമ്മേളന നടപടികൾക്കു തുടക്കമാവുന്നു. സിപിഎമ്മിന്റെ ഏക പച്ചതുരുത്തായ കേരളത്തിലാണ് ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ്. ചരിത്രമായ തുടർഭരണ നേട്ടം കൈവരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ തട്ടകമായ കണ്ണൂരാണ് പാർട്ടി കോൺഗ്രസ് വേദി.
2022 ഏപ്രിലിലാവും പാർട്ടി കോൺഗ്രസ് നടത്തുക. 10 വർഷത്തിനു ശേഷമാണ് കേരളം പാർട്ടി കോൺഗ്രസിനു വേദിയാകുന്നത്. ബംഗാളിലും ത്രിപുരയിലും കനത്ത തിരിച്ചടി നേരിടുന്ന സിപിഎമ്മിന് അധികാരമുള്ള ഏക സംസ്ഥാനമാണ് കേരളം.
പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടത്താമെന്ന കേരള ഘടകത്തിന്റെ നിർദേശം കേന്ദ്രകമ്മിറ്റി അംഗീകരിക്കുകയായിരുന്നു. പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനങ്ങൾ ഈ വർഷം ഒക്ടോബറോടെ ആരംഭിക്കും.
2012ൽ കോഴിക്കോട് നടന്ന ഇരുപതാം പാർട്ടി കോൺഗ്രസാണ് ഇതിനു മുൻപ് കേരളത്തിൽ നടന്നത്. അതിനു മുൻപ് തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലും പാർട്ടി കോൺഗ്രസ് നടന്നിരുന്നു.
Read More: തിങ്കളാഴ്ച മുതല്‍ വാക്സിനേഷന് യജ്ഞം; മാളുകള്‍ ബുധനാഴ്ച മുതല്‍ തുറക്കാന്‍ അനുമതി
മൂന്നു വർഷം കൂടുമ്പോഴാണ് സിപിഎം പാർട്ടി കോൺഗ്രസ് നടക്കാറുള്ളത്. 2015ൽ വിശാഖപട്ടണത്തും 2018ൽ ഹൈദരാബാദിലും പാർട്ടി കോൺഗ്രസ് നടന്നു. ഈ വർഷം നടക്കേണ്ടിയിരുന്ന പാർട്ടി കോൺഗ്രസ് കോവിഡ് വ്യാപനത്തെത്തുടർന്നാണ് 2022ലേക്ക് നീട്ടിയത്.