തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റ് മറ്റാർക്കും വിട്ടുകൊടുക്കില്ലെന്നും അത്തരമൊരു ചർച്ച മുന്നണിയിൽ വന്നിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഇടതുമുന്നണിയിൽ തിരുവനന്തപുരം സീറ്റിനെ ചൊല്ലി തർക്കമില്ലായെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.

മത്സരിക്കുന്ന സിപിഐ സ്ഥാനാർത്ഥികളെ മാർച്ച് ഏഴിന് പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച ചർച്ച പാർട്ടിയിൽ ആരംഭിച്ചിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന കേരള സംരക്ഷണ യാത്രയ്ക്ക് ശേഷമാകും അന്തിമ തീരുമാനമെന്നും കാനം വ്യക്തമാക്കി.

“സ്ഥാനാർത്ഥി നിർണയം സംബന്ധിച്ചുള്ള ചർച്ചകൾ സിപിഐ തുടങ്ങിയിട്ടില്ല. പ്രചാരണജാഥ അവസാനിച്ച ശേഷം മാർച്ച് 3, 4 തീയതികളിൽ സംസ്ഥാന എക്സിക്യൂട്ടീവും കൗൺസിലും യോഗം ചേരും. അടുത്ത മാസം 5-ന് ദേശീയ സെക്രട്ടേറിയറ്റും, 6, 7 തീയതികളിൽ ദേശീയ എക്സിക്യൂട്ടീവും യോഗം ചേരും. ഇതിന് ശേഷമാകും തീരുമാനമറിയിക്കുക,” കാനം രാജേന്ദ്രൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.