തിരുവനന്തപുരം:  നക്സലൈറ്റ് വർഗീസ് വധക്കേസിൽ ആഭ്യന്തരവകുപ്പ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തി നൽകണമെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ.പ്രകാശ് ബാബു ആവശ്യപ്പെട്ടു. സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കാഴ്ചപ്പാടുകൾക്ക് യോജിച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞു.

വർഗീസിനെ സംബന്ധിച്ച് ആഭ്യന്തര വകുപ്പ് നൽകിയ സത്യവാങ്മൂലം വസ്തുകൾ പരിശോധിച്ച് തിരുത്തി നൽകണം. പൊലീസ് വ്യാജ ഏറ്റുമുട്ടലിൽ 1970 ഫെബ്രുവരി 18 നാണ് വർഗീസ് കൊല്ലപ്പെട്ടത്. ഈ കേസിൽ വർഷങ്ങൾക്കു ശേഷം അന്ന് അതിന് നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ലക്ഷ്മണയെ കോടതി ശിക്ഷിച്ചിരുന്നു. പിന്നീട് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ലക്ഷ്മണയെ ജയിൽ മോചിതനാക്കി.
വ്യാജ ഏറ്റുമുട്ടലില്‍ വര്‍ഗീസിനെ വധിച്ചതാണെന്നും ഇതിന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ ഹർജിയിലാണ് സര്‍ക്കാര്‍ നക്‌സലൈറ്റ് വർഗീസ് കൊടും കുറ്റവാളിയാണെന്ന് സത്യവാങ്മൂലം നൽകിയത്.

കൊലപാതകം, കവര്‍ച്ച എന്നിവ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായിരുന്നു നക്‌സലൈറ്റ് വര്‍ഗീസ് എന്നും ഏറ്റുമുട്ടലിലാണ് വര്‍ഗീസ് കൊല്ലപ്പെട്ടതെന്നും ഹൈക്കോടതിയില്‍ സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. സിപിഐ​യുടെ സി.അച്യുതമേനോൻ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗിന്റെ സി.എച്ച്.മുഹമ്മദ് കോയ ആഭ്യന്തരമന്ത്രിയും ആയിരിക്കെയാണ് കേരളത്തിലെ രേഖപ്പെടുത്തിയ ആദ്യ വ്യാജ ഏറ്റുമുട്ടൽ കൊലപാതകം നടന്നത്. വയനാട്ടിലെ തിരുനെല്ലിയിൽ വച്ച് ലക്ഷ്മണ തന്നെ നിർബന്ധിച്ച് വർഗീസിനെ വെടിവെയ്പിക്കുകയായിരുന്നുവെന്ന സിആർപിഎഫ് കോൺസ്റ്റബിളായിരുന്ന രാമചന്ദ്രൻനായർ വെളിപ്പെടുത്തിയിരുന്നു. 1998ലെ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ ഈ​കേസ് വീണ്ടും ഉയർന്നുവരുകയായിരുന്നു. ഈ കേസ് സിബിഐ ​അന്വേഷിക്കുകയും ലക്ഷ്മണയെ കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു.

അതിന് ശേഷം വർഷങ്ങൾ കഴിയുന്പോഴാണ് സിപിഎം നേതൃത്വം നൽകുന്ന സർക്കാർ ഈ​ കേസിൽ വർഗീസിനെ കൊലപാതകിയും കവർച്ചക്കാരനുമാണെന്ന് സത്യവാങ്മൂലം നൽകിയത്. എൽ​ഡിഎഫ് സർക്കാർ അധികാരത്തിലിരിക്കുന്പോഴാണ് കഴിഞ്ഞവർഷം നിലമ്പൂരിൽ രണ്ട് മാവോയിസ്റ്റുകൾ പൊലീസ് നടത്തിയ വെടിവെയ്പിൽ കൊല്ലപ്പെട്ടത്. ഈ കേസിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്ന സാഹചര്യത്തിലാണ് ആഭ്യന്തരവകുപ്പ് ആദ്യ വ്യാജ ഏറ്റുമുട്ടൽ കൊലപാതകവുമായി ബന്ധപ്പെട്ട ഇങ്ങനെയൊരു സത്യവാങ്മൂലം നൽകിയത്.
നിലമ്പൂരിൽ പൊലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ കുപ്പുദേവരാജ്, അജിത എന്നിവരുടെ കാര്യത്തിലും സിപിഐ സർക്കാരിനെയും പൊലീസിനെയും വിമർശിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ