തിരുവനന്തപുരം: പാർട്ടിയെ പ്രതിരോധത്തിലാക്കും വിധം പരസ്യ നിലപാടെടുത്ത കാരണത്താൽ സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം കെഇ ഇസ്മായിലിനെതിരെ സിപിഐ നടപടി. ഇനി മുതൽ ഇടതുമുന്നണി യോഗത്തിൽ കെഇ ഇസ്മായിൽ പങ്കെടുക്കേണ്ടതില്ലെന്ന നിലപാടാണ് സിപിഐ സംസ്ഥാന സമിതി യോഗം കൈക്കൊണ്ടത്.

തോമസ് ചാണ്ടി രാജിവയ്ക്കുന്നത് വരെ മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കില്ലെന്ന് സിപിഐ മന്ത്രിമാർ നിലപാടെടുത്തതിനെ പരോക്ഷമായി വിമർശിച്ചാണ് കെഇ ഇസ്മായിൽ രംഗത്ത് വന്നത്. പാർട്ടിയിലെ എല്ലാവരും അറിഞ്ഞല്ല ഇത്തരമൊരു നിലപാട് എന്ന് വിമർശിച്ച അദ്ദേഹം ഇക്കാര്യം സിപിഐ സംസ്ഥാന സമിതി യോഗത്തിൽ ചർച്ച ചെയ്യുമെന്നും പറഞ്ഞിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സിപിഐയെ നിശിതമായി വിമർശിച്ചതിന് പിന്നാലെയായിരുന്നു ഈ പരസ്യ പ്രസ്താവന. ഇതാണ് കെഇ ഇസ്മായിലിനെ തിരിഞ്ഞുകുത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ