തിരുവനന്തപുരം: മകൻ നഷ്ടപ്പെട്ട അമ്മയുടെ കണ്ണീരിന് മുന്നിൽ ആർക്കും മുഖം തിരിക്കാൻ കഴിയില്ല, ആ അമ്മയുടെ ദു:ഖം തിരിച്ചറിഞ്ഞ് കേരള പോലീസ് പ്രവർത്തിക്കണെന്ന് സിപിഐ​ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജിഷ്ണു പ്രണോയിയുടെ അമ്മയെ റോഡിൽ വലിച്ചിഴച്ച് അക്രമം നടത്തിയ പൊലീസ് നടപടിയെക്കുറിച്ചാണ് കാനം ഇങ്ങനെ പ്രതികരിച്ചത്. ഫെയ്സ്ബുക്കിലൂടെയാണ് സിപിഐ​ സെക്രട്ടറി തന്റെ ഈ​ വിഷയത്തിലെ വിമർശനം പ്രകടിപ്പിച്ചത്.

“പോലീസ് മേധാവി ലോകനാഥ്.ബഹ്റയോട് …. താങ്കളുടെ കസേരയിൽ മുൻപിരുന്ന .വെങ്കിടാചലത്തെ താങ്കൾക്ക് പരിചയപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. പ്രതിപക്ഷ നേതാക്കൾ വെങ്കിടാചലത്തിന്റെ ഔദ്യോഗിക വസതിയിലേക്ക് ഒരിക്കൽ മാർച്ച് നടത്തുകയുണ്ടായി. ആ മാർച്ചിൽ പങ്കെടുത്ത ആളുകൾക്ക് ഇരിക്കുന്നതിനുള്ള ഷെഡും കസേരയും കുടിക്കുന്നതിന് വെള്ളവും വായിക്കുന്നതിന് പത്രവും ഒരുക്കി അസാമാന്യമായ പ്രായോഗിക ബുദ്ധിയോടെയാണ് ആ സാഹചര്യത്തെ അദ്ദേഹം നേരിട്ടത് . ഇതിലൂടെ പോലീസിന്റെ മനോവീര്യം ഒട്ടും തകർന്നില്ല എന്ന് മാത്രമല്ല ആരോഗ്യകരമായ മാനസിക നിലയിലേക്ക് ഉയരുകയാണുണ്ടായത്. അങ്ങനെയുള്ള പോലീസ് മേധാവികളും ഈ നാട്ടിൽ ഒരു കാലത്തുണ്ടായിരുന്നുവെന്നും അദ്ദേഹം എഴുതി.

നിലമ്പൂരിൽ പൊലീസ് വെടിവെയ്പിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് വിമർശനം ഉയർന്നപ്പോൾ പൊലീസിന്റെ മനോവീര്യം തകർക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടിരുന്നു. ആ സംഭവത്തിലും കാനം രാജേന്ദ്രൻ പൊലീസ് നടപടിയെ ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു.

ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കു നേരെ നടന്ന പൊലീസ് അക്രമത്തെയും പരോക്ഷമായി മുഖ്യമന്ത്രി ന്യായീകരിക്കുന്നതിനിടയിലാണ് കാനം വിമർശനവുമായി രംഗത്തെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ