തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിനു മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐയ്ക്ക് പ്രതിപക്ഷ നിലപാടല്ല, ഇടത് നിലപാടാണുളളത്. കാരാട്ട് പരസ്യമായി പറഞ്ഞതുകൊണ്ടാണ് പരസ്യ മറുപടിയെന്നും കാനം പറഞ്ഞു. നിലമ്പൂർ ഏറ്റുമുട്ടൽ തെറ്റെന്നത് ഇന്ത്യയിലെ ഇടതുപക്ഷ നിലപാടാണ്. അതങ്ങനെ പ്രതിപക്ഷ നിലപാടാകും എന്ന് കാരാട്ട് പറയണമെന്നും കാനം പറഞ്ഞു. സിപിഐയ്ക്ക് പ്രതിപക്ഷ നിലപാടാണെന്നും ദേശീയ സംസ്ഥാന തലത്തിൽ ഇക്കാര്യത്തിൽ ചർച്ചകൾ വേണമെന്നും കാരാട്ട് കുറ്റപ്പെടുത്തിയിരുന്നു.

”അഭിപ്രായ വ്യത്യാസങ്ങൾ സിപിഎമ്മുമായി ചർച്ച ചെയ്യാൻ തയാറാണ്. നേരത്തെയും ഇത്തരത്തിൽ ദേശീയ തലത്തിൽ ചർച്ചകൾ ഉണ്ടായിട്ടുണ്ട്. നിലമ്പൂരിൽ മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നതിനെ സിപിഐ എതിർത്തു. വ്യാജ ഏറ്റുമുട്ടലുകൾ തെറ്റെന്നുളളത് ഇന്ത്യയിലെ ഇടതു പക്ഷത്തിന്റെ നിലപാടാണ്. മന്ത്രിസഭാ തീരുമാനങ്ങൾ രഹസ്യമാക്കുന്നതിനോടും യോജിച്ചില്ല. വിവരാവകാശനിയമം നടപ്പാക്കേണ്ടയെന്നു പറയാൻ കാരാട്ടിന് കഴിയുമോ?യുഎപിഎ നിയമം നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഇടത് വിരുദ്ധമാണ്. ഇതു നടപ്പിലാക്കാനുളള തീരുമാനമായി സർക്കാർ മുന്നോട്ടു പോയപ്പോൾ എതിർത്തത് അതിനാലാണ്. എൽഡിഎഫ് ദുർബലപ്പെടുന്നത് തടയുക എന്നതാണ് സിപിഐ ചെയ്തത്”- കാനം പറഞ്ഞു.

മഹിജയുടെ സമരത്തിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിനും കാനം മറുപടി നൽകി. ”സമരം കൊണ്ട് എന്തു നേടിയെന്നു പണ്ട് ചോദിച്ചത് മുതലാളിമാരാണെന്ന് കാനം പറഞ്ഞു. ട്രേഡ് യൂണിയൻ സമരത്തിൽ തൊഴിലാളികളോട് പണ്ട് മുതലാളിമാർ ഇങ്ങനെ ചോദിച്ചിരുന്നു. ജിഷ്ണു കേസിൽ ഒത്തു തീർപ്പിനു ശ്രമിച്ചുവെന്ന് എവിടെയും പറഞ്ഞിട്ടില്ല. മഹിജ സമരം അവസാനിപ്പിച്ചതിന്റെ ക്രെഡിറ്റ് തനിക്ക് വേണ്ട. ജിഷ്ണു കേസിലെ പൊലീസ് നടപടി ഇടതു വിരുദ്ധമാണ്. പൊലീസിന്റെ പ്രവർത്തനത്തെക്കുറിച്ച് തൃപ്തനെന്ന് പറഞ്ഞിട്ടില്ല”.

ഇ.പി.ജയരാജനെയും കാനം പരിഹസിച്ചു. ”ജയരാജനെ വിലയിരുത്താൻ ഞാൻ ആളല്ല. ‘മേലാവി’യെന്ന ജയരാജന്റെ പദം മലയാള ഭാഷയ്ക്കുളള പുതിയ സംഭാവനയാണ്. ജയരാജനൊക്കെ വലിയ ആളുകളാണ്. വലിയ ആളുകളെക്കുറിച്ച് പ്രതികരിക്കാനില്ല”- കാനം അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായി മുൻ ഡിജിപി ആയിരുന്ന രമൺ ശ്രീവാസ്തവയെ നിയമിക്കാനുളള തീരുമാനത്തിലും കാനം അതൃപ്തി അറിയിച്ചു. ശ്രീവാസ്തവയെന്ന് കേൾക്കുമ്പോൾ കരുണാകരനെയും സിറാജുന്നിസയെയും ഓർമ വരുമെന്ന് കാനം പറഞ്ഞു.

മൂന്നാറിൽ മുഖ്യമന്ത്രി വ്യക്തമാക്കിയതാണ് ഇടതു നിലപാട്. അതിനെതിരായി പറയുന്നവരെ മുഖ്യമന്ത്രി നിയന്ത്രിക്കണം. കയ്യേറ്റക്കാരോട് അനുകൂല നടപടിയുണ്ടാകില്ലെന്നും കാനം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.