തിരുവനന്തപുരം: ലോകായുക്ത നിയമത്തില്‍ ഭേദഗതി വരുത്താനുള്ള നിലപാട് അറിയിച്ച് സിപിഐ. ഓര്‍ഡിനന്‍സ് വേണ്ടിയിരുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. “നിയമസഭ കൂടാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ ഓര്‍ഡിനന്‍സ് കൊണ്ടുവരേണ്ടതിന്റെ ആവശ്യകത പൊതുസമൂഹത്തിനും ഇത് ആലോചിച്ച ആള്‍ക്കും ബോധ്യപ്പെട്ടിട്ടില്ല. അതാണ് നിലവിലെ വിവാദത്തിന്റെ അടിസ്ഥാനം. നിയമസഭയില്‍ ഒരു ബില്ലായി അവതരിപ്പിച്ചാല്‍ എല്ലാവര്‍ക്കും ഇതിനെപ്പറ്റി അഭിപ്രായം പറയാന്‍ അവസരമുണ്ടാകും. അത് നിഷേധിക്കപ്പെട്ടു. ആവശ്യമായ രാഷ്ട്രീയ കൂടിയാലോചനകള്‍ നടന്നിട്ടില്ല,” കാനം വ്യക്തമാക്കി.
ലോകായുക്ത ഓര്‍ഡിനന്‍സ് തീരുമാനം മന്ത്രിസഭയുടേതാണെന്ന് റവന്യുമന്ത്രി കെ. രാജന്‍ പറഞ്ഞു. “നിയമത്തിലെ 12, 12(1), 14 വകുപ്പുകള്‍ കൂട്ടിയോജിപ്പിക്കാത്ത ഒരു പ്രശ്നമുണ്ട്. ഔപചാരികമായുള്ള പ്രമേയം മാറ്റണമെന്ന അഭിപ്രായമാണ് മന്ത്രിസഭാ യോഗത്തിലുണ്ടായത്. അത് ആരുടേയും അധികാരത്തെ ചൂഴ്ന്നെടുക്കാനല്ല. ആവശ്യമെങ്കില്‍ ഒരു ചര്‍ച്ച നടത്താവുന്നതാണ്. ഏതെങ്കിലും വിഭാഗത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാന്‍ മന്ത്രിസഭയെടുത്ത തീരുമാനമല്ല ഇത്,” മന്ത്രി കൂട്ടിച്ചേര്‍ത്തു.
ലോകായുക്ത നിയമത്തില്‍ ഭേദഗതി വരുത്താനുള്ള തീരുമാനം അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ലോകായുക്തയില്‍ അപ്പീല്‍ നല്‍കാന്‍ കഴിയാത്തത് ഭരണഘടനാ വിരുദ്ധമാണെന്ന്, ഇതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി ഓര്‍ഡിനന്‍സുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
ഇപ്പോഴത്തെ നിയമം അനുസരിച്ച് ലോകായുക്ത തീരുമാനിച്ചാല്‍ ഒരു സര്‍ക്കാരിനെ തന്നെ ഇല്ലാതാക്കാന്‍ സാധിക്കും. അപ്പീലിന്മേലാണ് ഭേദഗതി വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്, കോടിയേരി വ്യക്തമാക്കി. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനും എതിരായ പരാതികള്‍ കാരണമാണ് ഭേദഗതി വരുത്തുന്നതെന്ന് ആരോപണം കോടിയേരി തള്ളി. അത്തരം പരാതികളുമായി വിഷയത്തിന് യാതൊരു ബന്ധവുമില്ലെന്ന് കോടിയേരി മറുപടി പറഞ്ഞു.
Also Read: Republic Day 2022 LIVE Updates: റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ രാജ്യം; പരേഡ് പുരോഗമിക്കുന്നു