മലപ്പുറം: സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് സി ദിവാകരൻ നിലപാട് വ്യക്തമാക്കിയതോടെ കാനം രാജേന്ദ്രൻ സെക്രട്ടറിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് വ്യക്തമായി. നേരത്തേ ദിവാകരരനെ മത്സരിപ്പിക്കാൻ കെഇ ഇസ്മായിൽ പക്ഷം ശ്രമം നടത്തിയിരുന്നു.

ശക്തമായ വിഭാഗീയ തർക്കങ്ങൾക്ക് വേദിയായ സിപിഐ മലപ്പുറം സമ്മേളനം ഇന്നാണ് സമാപിക്കുന്നത്. സംസ്ഥാന സമ്മേളന വേദിയിൽ കാനം രാജേന്ദ്രൻ തന്നെയാകും ഔദ്യോഗിക സ്ഥാനാർത്ഥി. എന്നാൽ ഐകകണ്ഠേന തോറ്റാലും പ്രശ്നമില്ല, മത്സരിച്ചേ മതിയാകൂ എന്ന നിലപാടായിരുന്നു നേരത്തെ കെഇ ഇസ്‌മായിൽ പക്ഷം ഉയർത്തിയത്.

കാനം രാജേന്ദ്രൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു എന്ന നില ഒഴിവാക്കാനായിരുന്നു കെഇ ഇസ്‌മായിലിന്റെ ശ്രമം. അതേസമയം ഇസ്മായിലിനെ അനുനയിപ്പിക്കാൻ കേന്ദ്ര നേതാക്കൾ ശ്രമം നടത്തിയിരുന്നു. കോട്ടയത്ത് നടന്ന കഴിഞ്ഞ സമ്മേളനത്തിലും സെക്രട്ടറി സ്ഥാനത്തേക്ക് മത്സരത്തിനുളള സാധ്യതകൾ ഉണ്ടായിരുന്നു. അന്ന് ഇസ്‌മായിൽ പിന്മാറിയതോടെയാണ് മത്സരം ഒഴിവായത്.

എന്നാൽ ഇത്തവണ ഇസ്മായിലിനെതിരെ പ്രവർത്തന റിപ്പോർട്ടിൽ ഗുരുതരമായ കുറ്റങ്ങളാണ് കാനം എടുത്തുയർത്തിയത്. വിദേശത്ത് പാർട്ടി അനുമതി ഇല്ലാതെ പിരിവ് നടത്തിയെന്നും ആഡംബര ജീവിതം നയിച്ചുവെന്നുമടക്കം ഗുരുതരമായ കുറ്റങ്ങൾ ഇതിലുണ്ട്.

ഇസ്മായിലിനെതിരെ ആരോപണം ഉയർത്തിയ സാഹചര്യത്തിൽ സി ദിവാകരനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിപ്പിക്കാനാണ് ഇസ്മായിൽ വിഭാഗം ആലോചിച്ചത്. എന്നാൽ ഇതിൽ നിന്ന് ഇവരെ പിന്തിരിപ്പിക്കാൻ പന്ന്യൻ രവീന്ദ്രനും മറ്റ് കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗങ്ങളും മുന്നോട്ട് വരികയായിരുന്നു. എന്നാൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് ദിവാകരൻ പ്രഖ്യാപിച്ചതോടെയാണ് കാര്യങ്ങൾ മാറിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.