മലപ്പുറം: സിപിഐ സംസ്ഥാന സമ്മേളനത്തിന് വ്യാഴാഴ്ച മലപ്പുറത്ത് തുടക്കമാകും. നാല് ദിവസത്തെ സമ്മേളനത്തിന് വിളംബരമായി പതാക ഉയർന്നു. കിഴക്കേത്തലയിലെ പൊതുസമ്മേളന നഗരിയിൽ മുതിർന്ന നേതാവ് പ്രൊഫ. ഇ.പി.മുഹമ്മദലി കൊടി ഉയർത്തി. നൂറു കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെയാണ് കൊടിമര പതാകജാഥകൾ മലപ്പുറത്ത് സംഗമിച്ചത്.

മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി സുധാകർ റെഡ്ഢി ഉദ്ഘാടനം ചെയ്യും. 593 പ്രതിനിധികളാണ് സമ്മേളത്തിൽ പങ്കെടുക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രാഷ്ട്രീയ, പ്രവർത്തന, റിപ്പോർട്ടുകൾ അവതരിപ്പിക്കും. നാലാം തീയതി വൈകിട്ട് നടക്കുന്ന പൊതുസമ്മേളനവും സുധാകർ റെഡ്ഢി ഉദ്ഘാടനം ചെയ്യും. വൈകിട്ട് ടൗൺഹാളിൽ സാംസ്‌കാരിക സമ്മേളനം സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കെപിഎസിയുടെ നാടകം ‘ഈഡിപ്പസ്’ അരങ്ങേറും.

വെള്ളിയാഴ്ച പകൽ മൂന്നിന് ‘ഇടതുപക്ഷം പ്രതീക്ഷയും സാധ്യതകളും’ സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കാനം രാജേന്ദ്രൻ, എം.പി.വീരേന്ദ്രകുമാർ, മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.കൃഷ്ണൻകുട്ടി എംഎൽഎ എന്നിവർ പങ്കെടുക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ