തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് സി ദിവാകരന് തിരിച്ചടി. 75 വയസ് പ്രായപരിധി ജില്ലാ നേതൃത്വം നടപ്പാക്കിയതോടെ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെ പട്ടികയില്‍ നിന്ന് ദിവാകരന്‍ ഒഴിവാക്കപ്പെട്ടു. 101 പേരെ സംസ്ഥാന കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കാനാണ് തീരുമാനം.
നേരത്തെ പ്രായപരിധി നടപ്പാക്കുന്നത് സംബന്ധിച്ച് രൂക്ഷ വിമര്‍ശനം ദിവാകരന്‍ നടത്തിയിരുന്നു. മൂന്നാം തവണയും സെക്രട്ടറി പദത്തിലേക്ക് കാനം എത്തിയേക്കുമെന്ന സൂചനകള്‍ വന്നതോടെയായിരുന്നു ദിവാകരന്‍ തുറന്ന പോരിനിറങ്ങിയത്. നേതൃമാറ്റം നിര്‍ദേശിച്ച ദിവാകരന്‍ പ്രായപരിധി അംഗീകരിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.
“സംസ്ഥാനത്ത് നേതൃമാറ്റം ആവശ്യമാണ്. ഒരാള്‍ തന്നെ സെക്രട്ടറിയായി തുടരണമെന്ന ആക്രാന്തം എന്തിനാണ്. കാനം രാജേന്ദ്രന്‍ എന്നേക്കാള്‍ ജൂനിയറാണ്. പ്രായപരിധി നിര്‍ദേശം അംഗീകരിക്കില്ല. എന്നെ വെട്ടിമാറ്റാമെന്ന് ആരും കരുതണ്ട,” ദിവാകരന്‍ വ്യക്തമാക്കി.
എന്നാല്‍ പ്രായപരിധി തീരുമാനം പാര്‍ട്ടിയുടെ ദേശിയ കൗണ്‍സിലിന്റെ തീരുമാനമാണെന്നും അതു നടപ്പാക്കുമെന്നുമായിരുന്നു കാനത്തിന്റെ പ്രതികരണം. “സി ദിവാകരന്‍ പറഞ്ഞത് സംഘടനാ വിരുദ്ധമാണ്. പ്രായം കൊണ്ട് ഞാന്‍ ജൂനിയറായിരിക്കാം. എന്നാല്‍ പാര്‍ട്ടിയില്‍ അങ്ങനെയല്ല. സംസ്ഥാന സെക്രട്ടറി പദവിയിലേക്കു മത്സരം വേണോ വേണ്ടയോ എന്ന് സമ്മേളനം തീരുമാനിക്കും,” കാനം പറഞ്ഞു.
നേതൃമാറ്റം ആവശ്യപ്പെടുന്ന കാനം വിരുദ്ധ വിഭാഗത്തിന്റെ തീരുമാനം സംസ്ഥാന കൗണ്‍സിലിന്റെ ചിത്രം പൂര്‍ണമായതിന് ശേഷമായിരിക്കും. ദിവാകരനും കെ ഇ ഇസ്മെയിലും സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്നതും സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുകയാണ്.
പരസ്യപ്രതികരണങ്ങള്‍ നടത്തിയ നേതാക്കന്മാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം സമ്മേളനത്തില്‍ ഉയര്‍ന്നതായാണ് വിവരം. സെപ്തംബര്‍ 30 ന് ആരംഭിച്ച സമ്മേളനം ഇന്ന് അവസാനിക്കും. സിപിഎമ്മിന്റെ മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് സമ്മേളന പരിപാടികള്‍ വെട്ടിച്ചുരുക്കിയിരുന്നു.
സിപിഐയില്‍ ഒരു വിഭാഗീയതയുമില്ലെന്ന് കാനം രാജേന്ദ്രന്‍
സിപിഐയില്‍ ഒരു വിഭാഗീയതയുമില്ലെന്ന് കാനം രാജേന്ദ്രന്‍. കമ്മിറ്റികള്‍ ഐകകണ്‌ഠ്യേനയാണ് സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തെന്നും കാനം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഐയില്‍ ഗ്രൂപ്പോ വിഭാഗീയതയോ ഇല്ല, അഭിപ്രായങ്ങള്‍ തെറ്റല്ല. അഭിപ്രായസമന്വയത്തിലൂടെ തീരുമാനത്തില്‍ എത്തുന്നതാണ് കമ്യൂണിസ്റ്റ് ശൈലി. പാര്‍ട്ടിക്ക് ഒരു പക്ഷമേയുള്ളൂ, അത് സി പി ഐ. പക്ഷമാണെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ പ്രായപരിധി നടപ്പിലാക്കുക എന്നത് കേന്ദ്രത്തിന്റെ പദ്ധതിയാണ്. അത് നടപ്പിലാക്കും എന്ന് പറഞ്ഞു. ഇപ്പോള്‍ നടപ്പിലാക്കി എന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ കാനത്തെ സംസ്ഥാന സെക്രട്ടറിയായി ഏകകണ്ഠമായി തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം തവണയാണ് കാനം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയാകുന്നത്.
സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് സി ദിവാകരന് പിന്നാലെ കെഇ ഇസ്മയിലും പുറത്തായിരുന്നു. 75 വയസ് പ്രായപരിധി ജില്ലാ നേതൃത്വം നടപ്പാക്കിയതോടെ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെ പട്ടികയില്‍ നിന്ന് ദിവാകരന്‍ ഒഴിവാക്കപ്പെടുകയായിരുന്നു. പിരുമേട് എംഎല്‍എ വാഴൂര്‍ സോമനും സംസ്ഥാന കൗണ്‍സിലില്‍ ഇല്ല. ഇടുക്കിയില്‍ നിന്നുള്ള കാനം പക്ഷത്തെ പ്രമുഖ നേതാക്കളായ ഇഎസ് ബിജിമോളെയും വാഴൂര്‍ സോമനെയും ഒഴിവാക്കി. കൊല്ലത്തുനിന്ന് ജയലാലിനെയും സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി.