വണ്ടൻമേട്: സിപിഎം സംസ്ഥാനനേതാവും വൈദ്യുതി മന്ത്രിയുമായ എം.എം.മണിയുടെ നിലപാടുകൾ എൽഡിഎഫ് സർക്കാരിന്രെ നിലപാടിന് എതിരായതാണെന്ന് സിപിഐ സമ്മേളന റിപ്പോർട്ടിൽ ആക്ഷേപം.

“ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിഡ്ഢി, ഭസ്മാസുരൻ, വാടകഗുണ്ട” എന്നിങ്ങനെ വ്യക്തിപരമായ അധിക്ഷേപങ്ങളാണ് മന്ത്രി മണിക്കെതിരെ സ്വന്തം മണ്ഡലത്തിലെ തന്നെ പ്രധാന ഘടകകക്ഷി അവരുടെ സമ്മേളന റിപ്പോർട്ടിൽ നടത്തിയിരിക്കുന്നത്. മണിക്കെതിരെ കടുത്ത ആരോപണങ്ങളാണ് സിപിഐ സമ്മേളന റിപ്പോർട്ടിൽ ഉന്നയിക്കുന്നത്.

വണ്ടൻമേട്ടിൽ നടക്കുന്ന സിപിഐ ഉടുമ്പൻചോല മണ്ഡല സമ്മേളനത്തിന്രെ റിപ്പോർട്ടിലാണ് മണിക്കെതിരായ ആരോപണങ്ങളുടെ കെട്ട് പ്രാദേശിക നേതൃത്വം അഴിച്ചുവിട്ടിരിക്കുന്നത്. മന്ത്രി മണി ഉടുമ്പൻചോല മണ്ഡലത്തിൽ നിന്നുമാണ് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ആ മണ്ഡലത്തിൽ തന്നെയുളള പ്രധാനഘടക കക്ഷിയാണ് മണിക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. ഏറെക്കാലമായി നിലനിൽക്കുന്ന സിപിഎം, സിപിഐ തർക്കം ജില്ലയിൽ ഇപ്പോഴും താഴെ തട്ട് മുതൽ പരിഹരിക്കപ്പെടാതെ കത്തുകയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ റിപ്പോർട്ട്.

cpi against cpm leader and minister mm mani,

മണിയുടെ നേതാവായ പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരിന്രെ പ്രവർത്തനങ്ങൾക്കെതിരായതാണ് നിലപാടുകളെന്ന് സാമാന്യ ചിന്തപോലുമില്ലാതെ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിഡ്ഢിയായ മരം വെട്ടുകാരനെയാണ് മണി അനുസ്മരിപ്പിക്കുന്നതെന്ന് റിപ്പോർട്ടിലെ 20-ാം പേജിൽ പറയുന്നു.

സ്വന്തം പാർട്ടിയിലെ (സിപിഎം) ജില്ലാ നേതാവുപോലും തോൽപ്പിക്കാൻ ശ്രമിച്ചതായി വിമർശനമുണ്ടായപ്പോഴും എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി സിപിഐ ഒറ്റക്കെട്ടായി നിലകൊണ്ടു. എന്നാൽ മണിയുടെ വിജയം ഭസ്മാസുരനെ പോലെ സിപിഐയെ തിരിഞ്ഞുകൊത്തുകയാണിപ്പോൾ എന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു.

cpi against cpm leader and minister mm mani

ജില്ലയിലെ പട്ടയ ഭൂ പ്രശ്നം പരിഹരിക്കുന്നതിന് പകരം ഭൂമാഫിയകളെയും റിസോർട്ട് മാഫിയകളെയും സഹായിക്കും വിധം അവരുടെ വാടകഗുണ്ടയെപ്പോലെ അവരുടെ പക്ഷം ചേർന്ന് നിൽക്കുകയാണ് മന്ത്രിയെന്നും റിപ്പോർട്ടിലെ 19-ാം പേജിൽ ആരോപിക്കുന്നു. മാഫിയകളുടെ പക്ഷത്തു നിന്നു കൊണ്ട് സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും ഭീഷണിക്ക് വഴങ്ങാത്തവരെ തൽപ്പരകക്ഷികളെ അണി നിരത്തി അതിന്രെ മുന്നിൽ നിന്ന് സമരങ്ങൾ സംഘടിപ്പിച്ചും ഗ്വോ-ഗ്വോ വിളിച്ചും നടത്തുന്ന നടപടികൾ മൂലം എൽഡിഎഫ് സർക്കാരിന്രെ പ്രഖ്യാപിത നയങ്ങളെ അട്ടിമറിച്ചും പട്ടയ വിതരണത്തെയും തകർക്കുന്ന തരത്തിൽ റവന്യൂവകുപ്പിനെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കുന്ന തന്ത്രങ്ങളാണ് വൈദ്യുതി മന്ത്രി സ്വീകരിക്കുന്നതെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

സിപിഐ ജില്ലാ നേതൃത്വത്തെയും ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമനെയും തേജോവധം ചെയ്ത മണിയുടെ പ്രസംഗം രാഷ്ട്രീയശത്രുക്കൾ പോലും പൊറുക്കുന്നതായിരുന്നില്ല. ജില്ലയിൽ മാത്രമല്ല, എല്ലായിടത്തും സിപിഐയെ തകർക്കുന്നതിനായി ആരിൽ നിന്നോ അച്ചാരം വാങ്ങിയ ആളിനെപ്പോലെയാണ് മന്ത്രി മണിയുടെ നീക്കങ്ങളെന്നും റിപ്പോർട്ടിൽ പറയുന്നു.

cpi against minister mm mani,

മണ്ഡലംകാരനായ സാധരണ ജനനേതാവ് മന്ത്രിയായതിലുളള സന്തോഷം ഉടുമ്പൻചോല മണ്ഡലത്തിലെ യുഡിഎഫ് അനുഭാവികളിൽ പോലും നിറഞ്ഞു നിന്നിരുന്ന കാലം പോയി തുടങ്ങി. മുണ്ടുമടക്കി കുത്തി, ബക്കറ്റ് പിരിവും, ന്യായന്യായം നോക്കാതെയുളള കസർത്തുകളും എം.എം. മണിയെന്ന മന്ത്രിയെ സാധാരണക്കാരുടെ മനസ്സുകളിൽ പോലും വെറുപ്പുളവാക്കിത്തുടങ്ങിയിരിക്കുന്നു. സിപിഐയെ ഒന്നുകിൽ നക്കി അല്ലെങ്കിൽ ഞെക്കി തീർക്കുമെന്ന വാശി സിപിഐയുടെ വോട്ടുകൂടി വാങ്ങി ജയിച്ച ഒരു എൽഡിഎഫ് നേതാവിനും ഭൂഷണമല്ലെന്നും സിപിഐ കുറ്റപ്പെടുത്തുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.