തിരുവനന്തപുരം: മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് സിപിഐ. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന ഗോവിന്ദന്റെ നിലപാട് ആവര്‍ത്തിച്ചെങ്കിലും എതിര്‍ മുന്നണിയിലെ പാര്‍ട്ടിക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന് സിപിഐ നേതാവ് ബിനോയ് വിശ്യം വിമര്‍ശിച്ചു.
“വര്‍ഗീയമായ ചില ചാഞ്ചാട്ടങ്ങള്‍ ലീഗ് കാണിച്ചിട്ടുണ്ടെങ്കിലും എസ് ഡി പി ഐ, പി എഫ് ഐ പോലെയുള്ള ഒരു പാര്‍ട്ടിയായി കാണാന്‍ കഴിയില്ല. വര്‍ഗീയ പാര്‍ട്ടിയായി ലീഗിനെ മാറ്റി നിര്‍ത്തേണ്ടതില്ല. ലീഗിനെ ഇടതു മുന്നണിയില്‍ എടുക്കുന്നുവെന്ന തരത്തില്‍ ഉയരുന്ന ചര്‍ച്ചകള്‍ തീര്‍ത്തും അപക്വമാണ്,” ബിനോയ് കൂട്ടിച്ചേര്‍ത്തു.
“ലീഗ് അവരുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. യുഡിഎഫ് വിടുന്നില്ല എന്നാണ് ലീഗ് വ്യക്തമാക്കിയിരിക്കുന്നത്. ഇനിയും ഇക്കാര്യം ചര്‍ച്ച ചെയ്യുന്നത് വാര്‍ത്താ ദാരിദ്ര്യം മാത്രമാണ്,” ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
മുസ്ലിം ലീഗ് ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നും ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായാണ് സിപിഎം കണ്ടിട്ടുള്ളതെന്നുമായിരുന്നു എം വി ഗോവിന്ദന്‍ പറഞ്ഞത്.
വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന എസ് ഡി പി ഐ അടക്കമുള്ളവയോട് കൂട്ടുകൂടുന്ന സമയത്ത് ലീഗിനെ സിപിഎം വിമര്‍ശിച്ചിട്ടുണ്ട്. വര്‍ഗീയ നിറമുള്ള പാര്‍ട്ടിയെന്നൊക്കെ പറയുന്നത് വ്യത്യാസമുണ്ട്. മതത്തിന്റെ പേരില്‍ പ്രവര്‍ത്തുക്കുന്നതിന്റെ ഭാഗമായാണ് വര്‍ഗീയതയിലേക്ക് എത്തുന്നത്. ജനാധിപത്യരീതിയില്‍ ഒരു ന്യൂനപക്ഷ വിഭാഗത്തെ സംഘടിപ്പിച്ച് മുന്നോട്ടുവരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. മുസ്ലിം ലീഗുമായി ഇഎംഎസിന്റെ കാലത്ത് സിപിഎം കൈകോര്‍ത്തിട്ടുണ്ടല്ലോയെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.
എന്നാല്‍ സിപിഎമ്മിന്റെ തന്ത്രത്തെ തള്ളുകയായിരുന്നു പ്രതിപക്ഷ നേതാവ്. എം വി ഗോവിന്ദന്റെ പ്രസ്താവന കൊണ്ട് യുഡിഎഫിൽ കുഴപ്പമുണ്ടാക്കാനാകില്ലെന്നായിരുന്നു സതീശന്റെ പ്രതികരണം. എന്തെങ്കിലും കുഴപ്പങ്ങളുണ്ടാക്കാമെന്ന ധാരണയോടെയാണ് അടുപ്പത്ത് വെള്ളം വച്ചതെങ്കിൽ അത് വാങ്ങി വച്ചാൽ മതിയെന്നും സതീശന്‍ പറഞ്ഞു.
മുസ്‌ലിം ലീഗ് യുഡിഎഫിന്റെ അഭിവാജ്യ ഘടകമാണ്. തീവ്രവാദ ബന്ധമുള്ള സംഘടനയാണെന്ന പിണറായി വിജയന്റെ അഭിപ്രായം ഗോവിന്ദൻ മാഷ് തിരുത്തിയതിൽ സന്തോഷമുണ്ടെന്നും സതീശൻ പറഞ്ഞു.