scorecardresearch
Latest News

കെ-റെയില്‍: ഡിപിആര്‍ പുറത്ത് വിടണമെന്ന് സിപിഐ

എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് കെ-റെയില്‍ എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സിപിഐ നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നത്

K Rail, CPI
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കെ-റെയിലിന്റെ വിശദമായ പദ്ധതി രൂപരേഖ പുറത്തു വിടണമെന്ന ആവശ്യവുമായി സിപിഐ. ഉഭയകക്ഷി ചര്‍ച്ചയില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇക്കാര്യം സിപിഎമ്മിനെ അറിയിക്കുമെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞയാഴ്ച ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സിലില്‍ പദ്ധതിയെക്കുറിച്ച് ആശങ്ക ഉയര്‍ന്നിരുന്നു.

എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് കെ-റെയില്‍ എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സിപിഐ നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ജനരോക്ഷവും പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള സമ്മര്‍ദവും നിലപാട് മാറ്റാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചിരിക്കുകയാണ്.

ഡിപിആര്‍ ഒരു രഹസ്യ രേഖയാണെന്നും അത് പുറത്തു വന്നാല്‍ പദ്ധതിയുടെ സുരക്ഷയെ തന്നെ ബാധിക്കുമെന്നുമാണ് കെ-റെയില്‍ എംഡി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത്. ഡിപിആര്‍ പുറത്ത് വിട്ടതിന് ശേഷമായിരിക്കും സിപിഐ നിലപാട് വ്യക്തമാക്കുക. സിപിഎമ്മിന് അനുകൂലമായ പരിസ്ഥിതി സംഘടനകളും ഡിപിആര്‍ പുറത്തു വിടണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

അതേസമയം, കെ-റെയില്‍ പദ്ധതി നാടിന്റെ ഭാവിക്കും നല്ല നാളെക്കും വരും തലമുറയ്ക്കും വേണ്ടിയുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. പദ്ധതിയുടെ ഗുണഫലം എല്ലാവര്‍ക്കും ലഭിക്കുമെന്നും ശാസ്ത്രീയമായി പഠിച്ച് എതിര്‍ക്കുന്നവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ-റെയില്‍ പദ്ധതിക്കെതിരെ സംസ്ഥാനത്ത് ജനരോക്ഷം വര്‍ധിക്കുകയാണ്. പദ്ധതിക്കായുള്ള കല്ലിടലിനും സര്‍വേയ്ക്കുമെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം നടന്നിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വെ പൂര്‍ത്തിയാക്കാനാകാതെ ഉദ്യോഗസ്ഥര്‍ക്ക് മടങ്ങേണ്ടി വരികയും ചെയ്തു.

Also Read: കെ-റെയില്‍ നാടിന്റെ ഭാവിക്ക്; എതിർപ്പ് മാറും: മുഖ്യമന്ത്രി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cpi on k rail project kerala government cpim