Latest News

‘ആരിഫ് ഖാൻ ആർഎസ്എസ് ദാസ്യപ്പണി ചെയ്യുന്നു’; ഗവർണർക്കെതിരെ സിപിഐ മുഖപത്രം

കോണ്‍ഗ്രസിന്റേതടക്കം ഒട്ടനവധി പാര്‍ട്ടികളുടെ ഇടനാഴികളില്‍ അധികാര ഭിക്ഷ യാചിച്ച് ഓടിയലഞ്ഞ വ്യക്തിത്വമാണ്, ജനാധിപത്യത്തെയും ജനതാല്പര്യങ്ങളെയുമെല്ലാം പുച്ഛിച്ചുതള്ളുന്ന സംഘപരിവാറില്‍ ചേക്കേറി, അതുവഴി ഗവര്‍ണര്‍ പദവിയിലമര്‍ന്നിരിക്കുന്നതെന്നും പത്രം വിമര്‍ശിച്ചു

Governor Arif Khan, ഗവർണർ ആരിഫ് ഖാൻ, CPI News Paper, സിപിഐ മുഖപത്രം, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: ഗവർണർക്കെതിരെ രൂക്ഷ വിമർശവുമായി സിപിഐ മുഖപത്രമായ ജനയുഗം. ആരിഫ് മുഹമ്മദ് ഖാൻ അധികാര ഭിക്ഷ യാചിച്ച് ഓടിയലഞ്ഞ വ്യക്തിത്വമെന്നാണ് ജനയുഗം മുഖപ്രസംഗത്തിലെ വിമർശനം. ആരിഫ് മുഹമ്മദ് ഖാനെ ആർഎസ്എസ് നിയോഗിച്ചത് അവരുടെ അജണ്ട വേഗത്തിലാക്കാൻ വേണ്ടിയാണ്. ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമാണെന്നും ആരിഫിന് ആ മഹത്തായ പദവിയില്‍ അര്‍ഹതയുണ്ടോ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗം പറയുന്നു.

നേരത്തെ കേരളത്തിന്റെ സിഎഎ വിരുദ്ധ നീക്കത്തിനെതിരെയും ആര്‍എസ്എസ് ദാസ്യപ്പണിയുടെ ഭാഗമായി ആരിഫ് മുഹമ്മദ്ഖാന്‍ രംഗത്തിറങ്ങിയിരുന്നുവെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. സംഘപരിവാര്‍ താല്പര്യങ്ങളുടെ വ്യാപനത്തിന് ഗുണമുണ്ടാക്കാന്‍, ആരിഫിന്റെ അതിരുവിട്ടുള്ള നിലപാടുകള്‍ക്കും രാഷ്ട്രീയപ്രസംഗത്തിനും ഇടംകൊടുക്കുന്ന ചില വാര്‍ത്താമാധ്യമങ്ങളുടെ മനോനിലയും ആശങ്കകളുണ്ടാക്കുന്നതാണെന്നും പത്രം അഭിപ്രായപ്പെട്ടു.

ഭരണഘടനാപദവി രാഷ്ട്രീയ കസര്‍ത്തിനുപയോഗിക്കുന്ന ആരിഫ് മുഹമ്മദ്ഖാന്‍ ഗവര്‍ണര്‍ സ്ഥാനത്തിന് യോഗ്യനാണോ എന്ന ചര്‍ച്ച തുടങ്ങിയിട്ട് നാളേറെയായെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. കോണ്‍ഗ്രസിന്റേതടക്കം ഒട്ടനവധി പാര്‍ട്ടികളുടെ ഇടനാഴികളില്‍ അധികാര ഭിക്ഷ യാചിച്ച് ഓടിയലഞ്ഞ വ്യക്തിത്വമാണ്, ജനാധിപത്യത്തെയും ജനതാല്പര്യങ്ങളെയുമെല്ലാം പുച്ഛിച്ചുതള്ളുന്ന സംഘപരിവാറില്‍ ചേക്കേറി, അതുവഴി ഗവര്‍ണര്‍ പദവിയിലമര്‍ന്നിരിക്കുന്നതെന്നും പത്രം വിമര്‍ശിച്ചു.

കേരളം പോലെ രാഷ്ട്രീയജനാധിപത്യ മതേതര മാന്യതകളെല്ലാം പുലര്‍ത്തുന്ന സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ പദവിയിലേക്ക് ആരിഫിനെ ആര്‍എസ്എസ് നിയോഗിച്ചതുതന്നെ അവരുടെ അജണ്ട വേഗത്തിലാക്കുന്നതിനാണെന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ഭൂരിപക്ഷ സര്‍ക്കാരിന്റെ ശിപാര്‍ശ തള്ളുകവഴി ആളാകുക എന്ന ആഗ്രഹം മാത്രമല്ല ആരിഫ് സാധിച്ചതെന്ന് പിന്നീട് ബിജെപി നേതൃത്വങ്ങളുടെ പ്രതികരണത്തോടെ വ്യക്തമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമ ഭേദഗതികൾ തള്ളിക്കളയാൻ ഡിസംബർ 23 ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണമെന്ന ശിപാർശ നേരത്തെ ഗവർണർ തള്ളിയിരുന്നു. എന്നാൽ, ഡിസംബർ 31 ന് വീണ്ടും സഭാസമ്മേളനം വിളിക്കാൻ തീരുമാനിച്ച സർക്കാർ അതിനുള്ള ശിപാർശ ഗവർണർക്ക് അയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. നിയമസഭാ സമ്മേളനം വിളിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശയില്‍ ഗവര്‍ണറുടെ തീരുമാനം നാളെ അറിയാം. അതിനിടെ, നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cpi news paper slams governor arif khan

Next Story
പാഴാക്കാൻ വെള്ളമില്ല; ജലപീരങ്കിക്ക് താൽക്കാലിക വിശ്രമംpalakkad, water cannon, strike
The moderation of comments is automated and not cleared manually by malayalam.indianexpress.com