തൊടുപുഴ: സി പി ഐ​യുടെ എം എൽ​എ മാർ സി പി എമ്മിന്റെ ഔദാര്യമെന്ന് ദേവികുളം എം എൽ​ എയും സി പി എം നേതാവുമായ എസ് . രാജേന്ദ്രൻ.  മൂന്നാറിൽ നടന്ന ആദ്യ കാല കമ്യൂണിസ്റ് നേതാവായിരുന്ന വി.ഇ.അബ്ദുൾ ഖാദറിന്റെ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ.

മുഖ്യമന്ത്രി വിളിച്ച മൂന്നാർ ഭൂമി പ്രശ്നം സംബന്ധിച്ച യോഗം ബഹിഷ്കരിക്കുമെന്ന് പറയുന്ന സി.പി.ഐ, തങ്ങൾക്ക് ലദിച്ച 19 എം എൽ .എ.മാർ, സി.പി.എമ്മിന്റെ ഔദാര്യമാണെന്ന് ഓർക്കണമെന്നായിരുന്നു എസ്. രാജേന്ദ്രന്റെ അഭിപ്രായ പ്രകടനം.

മൂന്നാറിലെ ഭൂമി പ്രശനം സംബന്ധിച്ച് സി.പി.ഐയുടെ പ്രാദേശിക നേതൃത്വത്തിന്റെ അഭിപ്രായം മാനിക്കാതെ സി പി ഐ​ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും, റവന്യൂ മന്ത്രി ചന്ദ്രശേഖരനും തീരുമാനങ്ങൾ എടുക്കുന്നത് ശരിയല്ല.

“സബ്ബ് കലക്ടർ പറയുന്നത് കേട്ട് കാനവും, റവന്യൂ മന്ത്രിയും തുള്ളുകയാണ്. ജില്ലയിലെ പീരുമേട്, ദേവികുളം നിയോജക മണ്ഡലങ്ങളിൽ ഭൂമി സംബന്ധമായ കാര്യങ്ങളിൽ രണ്ടു നിയമമാണ്. പീരുമേട്ടിൽ, മരം മുറിക്കുന്നതിനോ, കെട്ടിടം പണിയുന്നതിനോ, സർവ്വേ നമ്പർ മാറ്റി നൽകുന്നതിനോ നിയമ തടസ്സങ്ങളില്ലെന്ന്” രാജേന്ദ്രൻ ആരോപിച്ചു.

“ഇ ചന്ദ്രശേഖരൻ ഭരിക്കുന്ന റവന്യൂവകുപ്പിന്റെ പിടിപ്പുകേട് മൂലം, ജനങ്ങൾ ആത്മഹത്യ ചെയ്യുന്ന അവസ്ഥയാണുളളത്. എൽ ഡി എഫ് സർക്കാരിൽ​ഇ. ചന്ദ്രശേഖരൻ ഭരിക്കുന്ന റവന്യൂ വകുപ്പ് തീർത്തും പരാജയമാണ്. മറ്റ് വകുപ്പുകളെല്ലാം മികച്ച പ്രകടനം കാഴ്ചവെയ്ക്കുമ്പോഴാണ് ​ഇത്. സർക്കാരിന് നാണക്കേടുണ്ടാക്കുന്ന വകുപ്പാണ് റവന്യൂ വകുപ്പ്. ” എം എൽ എ കുറ്റപ്പെടുത്തി.

സിപി ഐയും റവന്യൂവകുപ്പും മൂന്നാറിൽ ഇത്തരം നിലപാടുകൾ തുടരാനാണ് തീരുമാനമങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും. 2007ൽ  മൂന്നാർ ദൗത്യത്തിനെിരെ ഉയർന്നതുപോലെ ശക്തമായ ജനകീയ പ്രക്ഷോഭമായിരിക്കും സംഘടിപ്പിക്കുകയെന്ന് അദ്ദേഹം പറഞ്ഞു

മൂന്നാർ കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം വിളിക്കുന്ന യോഗം ബഹിഷ്ക്കരിക്കാനുളള സിപി ഐയുടെ  തീരുമാനത്തിന് പിന്നാലെയാണ് രാജേന്ദ്രന്റെ വിമർശനം. റവന്യൂ സെക്രട്ടറി പി എച്ച് കുര്യനെ കൊണ്ട് യോഗം വിളിപ്പിക്കാനുളള നീക്കം നടക്കുന്നതിനിടെയാണ് സിപിഐ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. മൂന്നാർ കൈയേറ്റമൊഴിപ്പിക്കൽ വിഷയം ചർച്ച ചെയ്യുന്നതിന് ജൂലൈ ഒന്നിന് പൊതുപ്രവർത്തകരെ കൂടി ഉൾപ്പെടുത്തി യോഗം വിളിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇടുക്കിയിൽ നിന്നുളള സർവ്വകക്ഷി പ്രതിനിധി സംഘത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് മുഖ്യമന്ത്രി ജൂലൈ ഒന്നിന് യോഗം വിളിക്കാൻ റവന്യൂ മന്ത്രിയോട് ആവശ്യപ്പെട്ടത്. എന്നാൽ​ ഈ യോഗത്തിന്റെ ആവശ്യമില്ലെന്ന നിലപാടായിരുന്നു റവന്യു വകുപ്പിന്റേത്.

മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കൽ സംബന്ധിച്ച് സി പി എമ്മും സ ിപി ഐയും തമ്മിൽ നടന്ന തർക്കങ്ങൾക്ക് മുഖ്യമന്ത്രി ഇടപെട്ട് തണുപ്പിച്ചിരുന്നു. പാപ്പാത്തി ചോലയിൽ സർക്കാർ ഭൂമിയിൽ സ്ഥാപിച്ച കുരിശ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ടാണ് കൈയേറ്റമൊഴിപ്പിക്കൽ വലിയ വിവാദമായി മാറിയത്.  അതിനൊപ്പം സി പി എമ്മുമായി ബന്ധപ്പെട്ടവരുടെയും റിസോർട്ടുകളുടെയും ഭൂമി സംബന്ധിച്ച വിവാദങ്ങളും മൂന്നാറിൽ വിവാദ വിഷയമായിരുന്നു. സബ്ബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ കൈയേറ്റമൊഴിപ്പിക്കൽ നടപടികൾക്കെതിരെ സി പി എമ്മിന്റെ ഇടുക്കിയിലെ നേതാക്കൾ ആദ്യമേ രംഗത്തെത്തിയിരുന്നു. മന്ത്രി എം എം മണിയും എസ്. രാജേന്ദ്രൻ എം എൽ എയും ഇക്കാര്യത്തിൽ കലക്ടർക്കും റവന്യൂവകുപ്പിനും സി പി ഐയ്ക്കും എതിരെ തുടക്കം മുതൽ തന്നെ ശക്തമായി നിലപാടാണ് സ്വീകരിച്ചിരുന്നത്.

വി. എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയിരിക്കെ മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കൽ തടയാൻ മുന്നിൽ നിന്ന സി പി ഐ ഇപ്പോൾ തിരിച്ച് നിലപാട് സ്വീകരിച്ചതിനെയും സി പി എമ്മിന്റെ വിമർശനത്തിന് ഉപയോഗിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.