തിരുവനന്തപുരം: നിയമസഭയിലെ ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കാൻ സിപിഐ തീരുമാനം. ഒല്ലൂർ എംഎൽഎ കെ.രാജനെ കാബിനറ്റ് പദവിയോടെ ചീഫ് വിപ്പാക്കാൻ ഇന്ന് ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു. ഏറെ കാലമായി തീരുമാനമാകാതെ കിടന്ന വിഷയത്തിലാണ് സിപിഐ ഒടുവിൽ ധാരണയിലെത്തിയിരിക്കുന്നത്.

ബന്ധുനിയമന വിവാദത്തില്‍ രാജിവച്ച ഇ.പി.ജയരാജൻ തിരികെ മന്ത്രിസഭയിലേക്ക് മടങ്ങിയെത്തിയപ്പോൾ സിപിഐക്ക് നല്‍കിയ വാഗ്‌ദാനമായിരുന്നു ചീഫ് വിപ്പ് പദവി. ഇ.പി ജയരാജന്റെ രാജിയെ തുടർന്ന് എം.എം.മണി മന്ത്രിസഭയിൽ എത്തിയിരുന്നു. മണിയെ നിലനിർത്തിക്കൊണ്ടുതന്നെ ജയരാജനെ സിപിഎം മടക്കി കൊണ്ടുവന്നപ്പോൾ മന്ത്രിസഭയിൽ സിപിഎം മന്ത്രിമാരുടെ എണ്ണം വർധിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഐക്ക് കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി മുന്നണിയിൽ വാഗ്‌ദാനം ചെയ്തത്.

പ്രളയ പശ്ചാത്തലത്തില്‍ അധിക ചെലവ് വരുമെന്നതിനാലാണ് സിപിഐ ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കേണ്ടെന്ന് തീരുമാനിച്ചത്. എന്നാൽ പ്രളയം വന്നിട്ട് ഒരു വർഷം പിന്നിടുന്ന സാഹചര്യത്തിലാണ് സിപിഐ തീരുമാനം തിരുത്തുന്നത്. ചീഫ് വിപ്പ് പദവി കൂടി ഏറ്റെടുക്കുന്നതോടെ സിപിഐക്ക് കാബിനറ്റ് പദവികൾ ആറാകും. നിലവിൽ നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറുമാണ് സിപിഐയിൽ നിന്നുള്ളത്.

ഉമ്മൻ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കേരള കോണ്‍ഗ്രസിലെ തര്‍ക്കം തീര്‍ക്കാന്‍ പി.സി.ജോര്‍ജിനെ കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് ആക്കിയ തീരുമാനത്തെ ശക്തമായി വിമര്‍ശിച്ചത് സിപിഐ ആയിരുന്നു. ഒരു പാര്‍ട്ടിയിലെ തര്‍ക്കം തീര്‍ക്കാന്‍ സര്‍ക്കാര്‍ ഖജനാവിലെ പണം ചീഫ് വിപ്പ് പദവി സൃഷ്ടിച്ച് ധൂര്‍ത്തടിക്കുന്നുവെന്നായിരുന്നു അന്ന് ആരോപിച്ചത്. അതേ സ്ഥാനം തന്നെ മുന്നണി തർക്കം തീർക്കാൻ സിപിഐ ഏറ്റെടുക്കുന്നത് വലിയ വിമർശനത്തിനും കാരണമായിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.