ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തില്‍ പ്രസാദ് എന്ന കളളന്‍ പറഞ്ഞത് പോലെയാണ് ചാണ്ടിയുടെ കാര്യം. കായല്‍ കൈയേറ്റ ആരോപണവും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനും ഉണ്ടായിട്ടും രാജി വെക്കാന്‍ ഗതാഗത മന്ത്രി തയ്യാറായിരുന്നില്ല. തന്റെ ഉടമസ്ഥതയിലുള്ള ടൂറിസം കമ്പനിക്കും റിസോര്‍ട്ടിനും വേണ്ടിയുള്ള ഇടപെടലുകളാണ് തോമസ് ചാണ്ടിക്ക് മന്ത്രിസഭയില്‍ നിന്ന് പുറത്തേക്കുള്ള വഴിയൊരുക്കിയത്. ലേക് പാലസ് റിസോര്‍ട്ടിന് വേണ്ടി കായല്‍ കയ്യേറിയെന്നും അനധികൃതമായി നിലംനികത്തിയെന്ന ആരോപണങ്ങളും ഉയര്‍ന്നു. എന്നാല്‍ താന്‍ ക്രമക്കേട് നടത്തിയെന്ന് തെളിഞ്ഞാല്‍ മന്ത്രിസ്ഥാനം അല്ല എംഎല്‍എ സ്ഥാനം വരെ രാജിവെക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാല്‍ പിന്നാലെ കൈയേറ്റം തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നിട്ടും ചാണ്ടി മുറുകെ പിടിച്ചിരുന്നു.

എന്നാല്‍ കൈയേറ്റം സ്ഥിരീകരിച്ച കലക്ടറുടെ റിപ്പോര്‍ട്ട് മന്ത്രിക്ക് പ്രഹരമായെങ്കിലും രാജിയില്ലെന്ന നിലപാടില്‍ തന്നെ ആയിരുന്നു അദ്ദേഹം. കൂടാതെ ഇനിയും കൈയേറ്റം നടത്തുമെന്ന മന്ത്രിയുടെ വെല്ലുവിളി നിറഞ്ഞ ശബ്ദം ഘടകകക്ഷികളിലും മുറുമുറുപ്പ് ഉണ്ടാക്കി. ഇതിന് പിന്നാലെയാണ് കലക്ടറുടെ റിപ്പോര്‍ട്ടിന് എതിരെ അദ്ദേഹം കോടതിയെ സമീപിച്ചത്. സര്‍ക്കാരിനെതിരെ ഒരു മന്ത്രിയുടെ ഈ അപൂര്‍വ്വ നീക്കം ഘടകകക്ഷികളുടെ നെറ്റി ചുളിപ്പിച്ചെങ്കിലും മുഖ്യമന്ത്രി മാത്രം കുലുങ്ങിയില്ല.

പിന്നാലെ ഹൈക്കോടതി മുഖത്തടി കൊടുത്തത് പോലെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടും മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടില്ല എന്ന് മാത്രമല്ല ഇതിനോട് പ്രതികരിക്കാനും തയ്യാറായിരുന്നില്ല. എന്നാല്‍ സിപിഐ കര്‍ശന നിലപാട് എടുത്തതോടെ മുഖ്യമന്ത്രിയും വിയര്‍ക്കുകയായിരുന്നു.

സെക്രട്ടറിയേറ്റില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നത് അസാധാരണമായ സംഭവമാണെന്നും അതൊരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നുമാണ് പിണറായി വിജയന്‍ ഇന്ന് പ്രതികരിച്ചത്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്‌ടമായെന്ന വാദത്തില്‍ കഴമ്പില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി തോമസ് ചാണ്ടി വിഷയം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തില്ലെന്നും വ്യക്തമാക്കി.

തോമസ് ചാണ്ടി രാജിവച്ചു പുറത്തു പോകാത്തതില്‍ പ്രതിഷേധിച്ചാണ് സിപിഐ മന്ത്രിമാര്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നത്. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചുകൊണ്ട് മന്ത്രി ഇ. ചന്ദ്രശേഖരന്‍ കത്തു കൊടുത്തിരുന്നു. എന്നാല്‍ മന്ത്രിമാര്‍ പങ്കെടുക്കാതിരുന്നത് അനുചിതമായ നടപടിയായിരുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തോമസ് ചാണ്ടിയുടെ രാജിക്കാര്യം നേരത്തെ എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിരുന്നു. വിഷയം സംബന്ധിച്ചു മുഖ്യമന്ത്രി തീരുമാനമെടുക്കുക, തോമസ് ചാണ്ടിയുടെ പാര്‍ട്ടിയെന്ന നിലയ്ക്ക് എന്‍സിപിയുടെ നിലപാട് അറിയുക എന്നീ രണ്ടു നിര്‍ദേശങ്ങളാണ് അന്നു യോഗത്തില്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതിനിടയ്ക്കാണു ഹൈക്കോടതിയുടെ വിമര്‍ശനം വരുന്നത്. ആ സാഹചര്യത്തില്‍ എന്‍സിപിയുടെ നേതൃത്വവുമായി ഇന്നു രാവിലെ സംസാരിച്ചു. തോമസ് ചാണ്ടിയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരനുമായി വിശദമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വവുമായി ചര്‍ച്ച ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അത് അംഗീകരിച്ചു. ഇന്നു രാവിലെ തന്നെ ചര്‍ച്ച നടത്തി എന്‍സിപി നേതൃത്വം കാര്യങ്ങള്‍ അറിയിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ