തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ സംസ്ഥാന നിർവാഹകസമിതിയിൽ രൂക്ഷ വിമർശനം. മൂന്നാർ കൈയേറ്റമൊഴിപ്പിക്കലിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാനാണ് മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചതെന്ന് നിർവാഹകസമിതിയിൽ അഭിപ്രായം ഉയർന്നു. മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലിന് വൻ ജനപിന്തുണയാണ് ലഭിക്കുന്നത്. ഇതാണ് സർവകക്ഷി യോഗം വിളിച്ചു ക്രെഡിറ്റ് അടിച്ചെടുക്കാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതെന്നും വിമർശനം ഉണ്ടായി.

അനധികൃത കൈയേറ്റങ്ങളെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ സർക്കാരിന്റെ പക്കലുണ്ട്. പിന്നെ സർവകക്ഷി യോഗം വിളിക്കേണ്ടതിന്റെ പ്രസക്തി എന്തായിരുന്നു? കൈയേറ്റങ്ങൾക്ക് വൻകിട, ചെറുകിട എന്ന് വ്യത്യാസമില്ല. എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കാനുള്ള നടപടികളുമായി റവന്യൂവകുപ്പ് മുന്നോട്ടുപോകണമെന്നും യോഗത്തിൽ നിർദേശമുയർന്നു. കെ.എം.മാണിയെ ഇടതുമുന്നണിയില്‍ എടുക്കാമെന്ന് ആരും സ്വപ്നം കാണേണ്ടെന്നും നിർവാഹകസമിതിയിൽ അഭിപ്രായം ഉയർന്നു.

കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സിപിഎം സ്വീകരിച്ച നിലപാടിനെയും രൂക്ഷമായി യോഗം വിമർശിച്ചു. കെ.എം.മാണിക്ക് സിപിഎം കോട്ടയം ജില്ലാകമ്മിറ്റി കൈകൊടുത്തു. ഇത് രാഷ്ട്രീയ ധാർമികതക്ക് നിരക്കുന്ന നിലപാടല്ലെന്നായിരുന്നു യോഗത്തിന്റെ വിലയിരുത്തൽ. സിപിഎമ്മിനെ കൂട്ടുപിടിച്ച് കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ