കൽപ്പറ്റ: വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം. പേരിയ അയിനിക്കൽ എന്ന സ്ഥലത്താണ് ഇന്ന് വൈകുന്നേരത്തോടെ ഒൻപതംഗ മാവേയിസ്റ്റ് സംഘം എത്തിയത്. ഒൻപത് പേരോളം അടങ്ങിയ സംഘം ഇവിടെ ഒരു പലചരക്ക് കടയിൽ ലഘുലേഖകൾ വിതരണം ചെയ്തു.

അയനിക്കൽപടിഞ്ഞാറേ നടപ്പാട്ടേൽ ഫിലിപ്പിന്റെ പലചരക്ക് കടയിൽ രാത്രി 8 മണിയോടെയാണ് സംഘം എത്തിയത്. ആയുധധാരികളായ സംഘം 1600 രൂപയുടെ പലചരക്ക് സാധനങ്ങൾ വാങ്ങി. സംഘത്തിലുണ്ടായിരുന്ന മൂന്ന് പേർ സ്ത്രീകളാണെന്നാണ് ഫിലിപ്പ് പൊലീസിനോട് പറഞ്ഞത്.

കബനീ ദളം പ്രസിദ്ധപ്പെടുത്തിയ കാട്ടുതീ എന്ന ലഘുലേഖ ഫിലിപ്പിന് നൽകിയാണ് സംഘം മടങ്ങിയത്. ശബരിമല വിഷയത്തിലും, കേരളത്തിൽ ആഞ്ഞടിച്ച പ്രളയത്തിലും സർക്കാരിനെ വിമർശിക്കുന്ന ലഘുലേഖകൾ ബിജെപിക്ക് എതിരെയാണ് കൂടുതൽ വിമർശനങ്ങൾ അഴിച്ചുവിടുന്നത്.

“ബ്രാഹ്മണ്യ ഹിന്ദുത്വത്തെ കുഴിച്ചുമൂടുക! മാവോയിസ്റ്റ് വിപ്ല ബദലിനായി പൊരുതുക!” എന്നാവശ്യപ്പെടുന്ന പോസ്റ്റർ പതിച്ചാണ് സംഘം മടങ്ങിയത്.  സിപിഐ മാവോയിസ്റ്റ് കബനി ഏരിയാ കമ്മിറ്റി എന്ന പേരിലാണ് പോസ്റ്റർ അച്ചടിച്ചിരിക്കുന്നത്.

മോദി സർക്കാർ ശത്രുരാജ്യങ്ങളോടെന്ന പോലെ സ്വന്തം ജനങ്ങളെ കൊന്നൊടുക്കുന്നുവെന്ന് ലഘുലേഖയിൽ വിമർശിക്കുന്നുണ്ട്. രാജ്യത്തെ സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ ബ്രാഹ്മണിക്കൽ ഹിന്ദു ഫാസിസ്റ്റ് ശക്തികളുടെ തേർവാഴ്ച ശക്തമാകുന്നുവെന്നും ലഘുലേഖയിലുണ്ട്.

പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ ഭരിച്ച എല്ലാ പാർട്ടികളും ബ്രാഹ്മണ്യത്തെ അകമേ വരിച്ചവരാണെന്ന് ലഘുലേഖകളിൽ കുറ്റപ്പെടുത്തലുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.